സുക്കര്‍ബര്‍ഗിന്‍റെ കണക്കു പ്രകാരം ഏകദേശം ഒന്നേകാല്‍ കോടി ഫെസ്ബുക്ക് യൂസേര്‍സ് ഉണ്ടത്രേ! എന്താ അല്ലെ? ഇതൊരു മഹാസംഭവം തന്നെ എന്ന് വിചാരിച്ചു ഇന്‍റര്‍നെറ്റില്‍ പിച്ചവെച്ചു തുടങ്ങിയ ചില പിഞ്ചുകുഞ്ഞുങ്ങളെങ്കിലും ധൃതംഗപുളകിതരായിട്ടുണ്ടാവും.
പക്ഷെ, ഇരുപത്തിനാല് മണിക്കൂറും ഫെസ്ബുക്കില്‍ പെറ്റുകിടക്കുന്ന സോഷ്യല്‍ മീഡിയാ അപ്പൂപ്പന്‍മാര്‍ക്ക് അറിയാം സുക്കര്‍ബര്‍ഗ് ഊതി വീര്‍പ്പിച്ച ഒരു വല്യബലൂണ്‍ ആണ് ഈ ഒന്നേകാല്‍ കോടിയെന്ന്. ചോദ്യമിതാണ്! ഈ ഒന്നേകാല്‍ കോടി പ്രൊഫൈലുകളില്‍ മേല്‍വിലാസം ഉള്ള എത്ര പ്രൊഫൈലുകള്‍ ഉണ്ട്? ഒരു ഫെയ്ക്ക് പ്രൊഫൈല്‍ ഉള്ള അമച്വര്‍ സോഷ്യല്‍ മീഡിയ ജീവികള്‍ മുതല്‍ പത്തിലധികം ഫെയ്ക്ക് പ്രൊഫൈലുകള്‍ പ്രൊഫഷണല്‍ ജീവികള്‍ വരെ ലോകത്തിലെ ഒരുമാതിരി എല്ലാ കോണുകളിലും തെണ്ടിതിരിഞ്ഞു നടപ്പുണ്ട്.
കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ കടന്നു വന്ന വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ ( സ്ത്രീകള്‍ക്കും നോക്കാം) ! എത്ര എത്ര സുന്ദര-സുന്ദരീ പ്രൊഫൈലുകളും ഇ-മെയില്‍ വിലാസങ്ങളും കല്യാണത്തിന്‍റെ തലേ ദിവസം നിഷ്കരുണം കൊല ചെയ്യപ്പെട്ടു!! ഒരു കാലത്ത് നിങ്ങളുടെ എല്ലാമെല്ലാമായിരുന്ന എത്രയെത്ര ഫെയ്ക്ക് പ്രൊഫൈലുകള്‍ ആ കല്യാണരാത്രിയോടെ ഇല്ലാതായി!
ഇവരില്‍ പലരും ഫെയ്ക്ക് പ്രൊഫൈലുകള്‍ തുടങ്ങാന്‍ ഉണ്ടായ ചേതോവികാരം എന്തായിരിക്കും? ചിലര്‍ കാമുകിമാരെ സൃഷ്ടിച്ചു രാത്രി മുഴുവന്‍ അവരോടു ചാറ്റിലൂടെ സൊള്ളാന്‍! ചിലര് ഫീമെയില്‍ പ്രൊഫൈല്‍ തുടങ്ങി ഫീമെയില്‍ പ്രോഫിലുകളോട് തന്നെ ചാറ്റ് ചെയ്യാന്‍- മൂഡന്മാരെന്തറിഞ്ഞൂ വിഭോ? മിക്കവാറും മറ്റേ സൈഡിലും ആണ്‍ തന്നെ ആയിരിക്കും! മറ്റു ചിലര് സ്വന്തം കാമുകിയുടെയോ ഭാര്യയുടെയോ അന്യപുരുഷന്മാരോടുള്ള സമീപനം അറിയാന്‍, ചിലര്‍ തെറി വിളിക്കാന്‍, ചിലര് 'തുണ്ട്' പേജുകള്‍ ലൈക് ചെയ്യാന്‍!
ഇനി ചില ബുദ്ധി ജീവികളുണ്ട്, ബൂര്‍ഷ്വാ കുത്തക മുതലാളിമാര്‍ക്കും ഗവണ്‍മെന്റിനും എതിരെ വിപ്ലവം നയിക്കാന്‍ ഫെയ്ക്ക് പ്രൊഫൈല്‍ തുടങ്ങുന്നവര്‍! ചില തത്വജ്ഞാനികളും വര്‍ഗീയവാദികളും രാഷ്ട്രീയക്കാരും ഈ കൂട്ടത്തിലുണ്ട്. സ്വന്തം പ്രൊഫൈല്‍ നിന്ന് ഈ പറഞ്ഞ പരിപാടികള്‍ ഒക്കെ നടത്തിയാല്‍ മിക്കവാറും പുറത്ത് ഇറങ്ങി നടക്കാന്‍ ബുദ്ധിമുട്ടുമല്ലോ! ഇതൊന്നും അല്ലാതെ ലോകത്ത് നല്ലതു എന്ത് നടന്നാലും പാര വെക്കാന്‍ ഇറങ്ങുന്ന ഒരു വിഭാഗം ഫെയ്ക്കുകളും ധാരാളം. മലയാളികള്‍ക്ക് ഈ കാറ്റഗറിയില്‍ ലോകത്തുള്ള മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചു മുന്‍തൂക്കം ഉണ്ടാകാന്‍ ആണ് സാധ്യത!
ശരീരം വളര്‍ന്നാലും മനസ്സ് വളരാത്ത ചില നപുംസകങ്ങള്‍ എങ്കിലും സമൂഹത്തോട് പുറം തിരഞ്ഞു നില്‍ക്കാനും മറ്റുള്ളവര്‍ക്കിട്ട് ഒരു പണി കൊടുക്കാനും ഫെയ്ക്കുകളെ ഉപയോഗിക്കാറുണ്ട്. ഇവര്‍ക്കായി കേരള സര്‍ക്കാര്‍ ഊളംപാറയിലും കുതിരവട്ടത്തും പ്രത്യേകം അത്യാധുനിക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വയം മുക്തമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണ് ഇവര്‍ എങ്കില്‍ ഇവരുടെ ബന്ധു-മിത്രാദികള്‍ എങ്കിലും ഈ സൌകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവരെ സഹായിക്കെണ്ടാതാണ്"
സ്വന്തം പ്രൊഫൈല്‍ വച്ച് ഈ കലാപരിപാടികള്‍ എല്ലാം നടത്തുന്ന വീരശൂരപരാക്രമികളെ ഈ അവസരത്തില്‍ സ്മരിക്കുന്നു.
സമൂഹത്തില്‍ ഒന്നാകെ ഇരട്ടമുഖങ്ങള്‍ നിലനില്‍ക്കുന്പോള്‍ എങ്ങിനെ സോഷ്യല്‍ മീഡിയ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍! ജനനം മുതല്‍ മരണം വരെ അഭിനയിച്ചു കൊണ്ടിരിക്കുന്ന, ഒളിപ്പോര് നടത്തുന്ന മനുഷ്യന്‍റെ ഇന്‍റെര്‍നെറ്റിലെ വേര്‍ഷന്‍ ആണ് ഫെയ്ക്ക് പ്രൊഫൈലുകള്‍! അറിഞ്ഞു കൊണ്ടുതന്നെ നമ്മള്‍ ചാറ്റ് ചെയ്യുന്ന ഫെയ്ക്ക് പ്രൊഫൈലുകള്‍ തന്നെ എത്രയോ എണ്ണം! ഒരു അജ്ഞാത കവിയുടെ വരികള്‍ ഓര്മ വരുന്നു!
"ഫെയ്ക്കുകളേ..,
നിങ്ങള്‍
എനിക്ക്
ബലിക്കാക്കകള്‍
പോലെയാണ് !
ഉറ്റവരില്‍
ആരുടെ
ആത്മാവാണ്
നിങ്ങളില്‍
സന്നിവേശി-
ച്ചിരിക്കുന്നതെന്നറിയാതെ,
ഞാന്‍
നിങ്ങള്‍ക്ക്
ഇന്നും,അന്നം
നല്‍കിക്കൊണ്ടിരിക്കുന്നു…!"