ആനന്ദിനും വേണ്ടേ ഒരു ഭാരതരത്നം?

0

ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരന്‍, ചെസ്സ് ഓസ്കാര്‍ ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍,  1997 മുതല്‍ തുടര്‍ച്ചയായി ലോകത്തിലെ ഒന്നാം നമ്പര്‍‌ താരം, ഫിഡെയുടെ സ്ഥാനക്രമപട്ടികയില്‍ 2800-ല്‍ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളില്‍ ഒരാള്‍.2007-ല്‍ മെക്സിക്കോയിലും 2008-ല്‍ ജര്‍മ്മനിയിലെ ബേണിലും 2010ലും 2012ല്‍ മോസ്കോയിലും നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയി, ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിശേഷണങ്ങള്‍!  ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്നെ ഇത്രയും കൂടുതല്‍ ലോകത്തിനു മുന്‍പില്‍ അംഗീകാരം നേടിയ മറ്റൊരു താരത്തെ മഷിയിട്ടു നോക്കിയാല്‍ കാണുമോ? എന്നിട്ടും സ്വന്തം രാജ്യം ആനന്ദിന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ടോ ? ഇത്രയൊക്കെ പോരെ ഒരാള്‍ ഭാരതരത്നത്തിനു അര്‍ഹനാകാന്‍?

മുന്പ് ഈ പുരസ്ക്കാരത്തിന്‍റെ മാറ്റ് കുറഞ്ഞു പോയത് അത് പല അനര്‍ഹര്‍ക്കും നല്‍കി കൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നത് അര്‍ഹരായ പലര്‍ക്കും നല്‍കാതിരിക്കുന്നതിനാലാണ്.
ഒരു പക്ഷെ ആനന്ദിനൊപ്പം വെക്കാവുന്ന ഒരേ ഒരു കായികതാരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്‍ ധ്യാന്‍ചന്ദ് മാത്രമാണ്. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ പോലെ ഇനി ജനപ്രീതിയാണ് ഭാരതരത്നയ്ക്കുള്ള മാനദണ്ഡമെങ്കില്‍ എല്ലാ ബോളിവുഡ് താരങ്ങള്‍ക്കും ഭാരതരത്നം അടിച്ചു കയ്യില്‍ കൊടുക്കേണ്ടി വരും.

പരസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയോ, ബി സി സി ഐ പോലെ ഒരു കച്ചവടസ്ഥാപനത്തിന്റെ പിന്തുണയോ ഇല്ലാത്തതാവാം ആനന്ദ് എന്ന ബുദ്ധിരാക്ഷസന് ഭാരതരത്നം നിഷേധിക്കപ്പെടാന്‍ കാരണം.ഇങ്ങനെയാണെങ്കില്‍ മറ്റു കായികതാരങ്ങള്‍ക്ക് ഭാരതരത്നം കിട്ടാന്‍ ക്രിക്കറ്റ് കളിക്കേണ്ടി വരും!