മൈസൂര്‍ : കടല്‍ കടന്ന് ചിമ്പാന്‍സികള്‍ ഇന്ത്യയിലേക്ക്.സിംഗപ്പൂര്‍ മൃഗശാലയില്‍ നിന്നുള്ള രണ്ടു ചിമ്പാന്‍സികള്‍ ഇനി മൈസൂരിന് സ്വന്തം .കഴിഞ്ഞ മാസം 30-ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിച്ച ചിമ്പാന്‍സികളെ തിങ്കളാഴ്ചയാണ് മൈസൂര്‍ മൃഗശാലയിലെത്തിച്ചത്. ഇന്ത്യയില്‍ ചിമ്പാന്‍സികളുള്ള ഒരേ ഒരു മൃഗശാലയാണ് മൈസൂരിലെത് . അടുത്ത ദിവസം തന്നെ ഇവയെ സന്ദര്‍ശകര്‍ക്കു കാണാം. നിലവില്‍ മൃഗശാലയില്‍ പ്രത്യേക പരിചരണത്തില്‍ കഴിയുകയാണ് ഇരുവരും. കാലാവസ്ഥയുമായി അതിവേഗം പൊരുത്തപ്പെട്ടുവരുന്നതായി മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.പി. രവി പറഞ്ഞു. ചിമ്പാന്‍സികളോടൊപ്പം കുറുക്കന്‍മാരെയും സിംഗപ്പൂരില്‍ നിന്ന് മൈസൂരിലെത്തിച്ചിട്ടുണ്ട്.
മൈസൂര്‍ മൃഗശാലയുടെ മുഖ്യആകര്‍ഷണമാകാന്‍ ചിമ്പാന്‍സികള്‍ക്ക് കഴിയുമെന്ന് പരിപാലകര്‍ അഭിപ്രായപ്പെട്ടു.19 വര്‍ഷത്തിനു ശേഷമാണ് മൈസൂരിലേക്ക് ചിമ്പാന്‍സികള്‍ എത്തുന്നത് .ഇതിനു മുന്‍പ് സ്വീഡനില്‍ നിന്നാണ് രണ്ടു ചിമ്പാന്‍സികളെ ഇന്ത്യയിലേക്ക് എത്തിച്ചത് .എന്നാല്‍ മൃഗശാലയില്‍ ചിമ്പാന്‍സികളുടെ ബ്രീടിംഗ് ഇതുവരെ നടത്തിയിട്ടില്ല .18 മാസത്തിനുശേഷം ലഭിക്കുന്ന പെണ്‍ചിമ്പാന്‍സിയെ ഉപയോഗിച്ച് ബ്രീടിംഗ് നടത്തുവാന്‍ മൃഗശാല അധികൃതര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
2012-ഇല്‍ സിംഗപ്പൂരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഫലമായാണ് ഇന്ത്യയ്ക്ക് ചിമ്പാന്‍സികളെ ലഭിച്ചത് .പകരമായി സിംഹവാലന്‍ കുരങ്ങിനെയും കരടിയെയും മൈസൂരില്‍ നിന്ന് സിംഗപ്പൂരിലേക്കു നല്‍കുന്നുണ്ട്.സിംഗപ്പൂരില്‍ നിന്ന് ചിമ്പാന്‍സികള്‍ക്കൊപ്പം അവയുടെ പരിപാലകരും മൈസൂരിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കു ശേഷം അവര്‍ മടങ്ങും.രണ്ടു വര്ഷം മുന്‍പ് ചിമ്പാന്‍സിക്കായി രണ്ടു കൂടുകള്‍ നീക്കിവെയ്ക്കാന്‍ പറഞ്ഞു സിംഗപ്പൂരില്‍ നിന്ന് വന്ന ഇമെയില്‍ സന്ദേശം മുതലുള്ള നീണ്ട കാത്തിരിപ്പിനു ഇതോടെ വിരാമമായി .മൃഗങ്ങളെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മൃഗശാല അധികൃതര്‍ അഭിപ്രായപ്പെട്ടു .ചിമ്പാന്‍സികളെ കാണാന്‍ ഇപ്പോള്‍ മുതല്‍ തന്നെ ടിക്കറ്റുകള്‍ എടുത്തു കാത്തിരിക്കുകയാണ് വിനോദസഞ്ചാരികള്‍ .