സിംഗപ്പൂര്‍ മലയാളികളുടെ കഴുത്തറത്ത് വിമാനകമ്പനികള്‍ ;ടിക്കറ്റ് നിരക്ക് $900 മുതല്‍ $3000 വരെ

0

 

സിംഗപ്പൂര്‍ : ക്രിസ്മസ് -ന്യൂ ഇയര്‍ സീസന്‍ ആയതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിക്കൊണ്ടു സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികള്‍ യാത്രക്കാരെ വലയ്ക്കുന്നു.മലയാളികളുടെ പ്രധാന ആശ്രയമായ ടൈഗര്‍ എയര്‍ റിട്ടേണ്‍ നിരക്ക് കൊച്ചിയിലേക്ക് മിക്ക ദിവസങ്ങളിലും 900 ഡോളര്‍  വരെയും ,തിരുവനന്തപുരത്തിനു 750 ഡോളര്‍ വരെയുമായി ഉയര്‍ത്തി.സാധാരണ 250-300 ഡോളര്‍ നിരക്കില്‍ ലഭ്യമാകുന്ന ടിക്കറ്റുകളാണ് മൂന്നിരട്ടി വര്‍ധിച്ച് പ്രവാസികളുടെ അവധിക്കാല സ്വപ്നങ്ങളെ തകര്‍ക്കുന്നത്.
 
ടൈഗര്‍ എയറിനെ കൂടാതെ കേരളത്തിലേക്ക് നേരിട്ട്  സര്‍വീസുള്ള സില്‍ക്ക് എയറില്‍ ടിക്കറ്റുകള്‍ തീര്‍ത്തും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.കഴിഞ്ഞയാഴ്ച സില്‍ക്ക് എയര്‍ എക്കണോമി ടിക്കറ്റിനു 2000 ഡോളര്‍ വരെയായിരുന്നു നിരക്ക് .ബിസിനസ് ക്ലാസ്സ്‌ ടിക്കറ്റിനു 3000ത്തിനു മേലെ വരെ സില്‍ക്ക് എയര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സില്‍ക്ക് എയര്‍ വിമാനത്തിലെ ടിക്കറ്റുകള്‍ ഏകദേശം വിറ്റ് പോയതായാണ് സില്‍ക്ക് എയര്‍ കാര്യാലയം അറിയിക്കുന്നത്.ഓസ്ട്രേലിയ,ന്യൂ  സീലാണ്ട് ,യു.കെ എന്നിവിടങ്ങളില്‍ നിന്ന് അവധിക്കുന്ന നാട്ടിലേക്കു പോകുന്ന മലയാളികള്‍ കൂടുതലും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ചാന്ഗിയില്‍ എത്തിയശേഷം നാട്ടിലേക്കു സില്‍ക്ക് എയര്‍ വിമാനത്തില്‍ യാത്ര തുടരുന്നതാണ് ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റ് പോകാന്‍ മുഖ്യകാരണം.
 
ടൈഗര്‍ എയര്‍ ,സില്‍ക്ക് എയര്‍ കൂടാതെ മലയാളികള്‍ മുഖ്യമായും ആശ്രയിക്കുന്ന വിമാനസര്‍വീസുകളാണ് എയര്‍ഏഷ്യ ,മലേഷ്യ എയര്‍ലൈന്‍സ് തുടങ്ങിയ കോലാലംപൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള വിമാനസര്‍വീസുകള്‍.ഏഷ്യയില്‍  ഒന്നാം സ്ഥാനത്തെത്തിയും ,സൗജന്യ സീറ്റുകള്‍ നല്‍കിയും ശ്രദ്ധേയമായ എയര്‍ ഏഷ്യ ഈ ആഴ്ചകളില്‍ കൊച്ചിയിലേക്ക് സിംഗപ്പൂരില്‍ നിന്ന് ഈടാക്കുന്നത് 1200 ഡോളര്‍ വരെയാണ്.നാട്ടിലേക്കു വെറും 200 ഡോളറിനു വരെ ടിക്കറ്റുകള്‍ നല്‍കിയിരുന്ന എയര്‍ഏഷ്യയുടെ ടിക്കറ്റ് വര്‍ദ്ധന ആറിരട്ടിയിലധികമാണ്.ഇതേസമയം സെപ്റ്റംബര്‍ മുതല്‍ കൊച്ചിയിലേക്ക് കോലാലംപൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച മലേഷ്യ എയര്‍ലൈന്‍സ്‌ തുടക്കത്തില്‍ 300 ഡോളറിനു സിംഗപ്പൂരില്‍ നിന്ന് ടിക്കറ്റ് ഓഫര്‍ നല്‍കി യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിയിരുന്നു .എന്നാല്‍ ഈ ആഴ്ചത്തെ ടിക്കറ്റ് നിരക്ക് 1300 ഡോളര്‍ വരെയാണ് മലേഷ്യ എയര്‍ലൈന്‍സ്‌ ഉയര്‍ത്തിയത്‌ .കൂടാതെ മിക്ക ദിവസങ്ങളിലും ടിക്കറ്റുകള്‍ ലഭിക്കാനുമില്ല.ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിന്നും യാത്രക്കാരെ കൊലാംപൂരില്‍ എത്തിച്ചു കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുവഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുന്ടെന്നാണ് എയര്‍ലൈന്‍ പറയുന്നത് .
 
കുടിക്കുന്ന വെള്ളത്തിന്‌ മുതല്‍ ഓരോ കിലോ ലഗേജിനും പണം ഈടാക്കുന്ന ബജറ്റ് എയര്‍ലൈന്‍സുകള്‍ ഇക്കാലയളവില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ മുഴുവന്‍ സര്‍വീസുകളും പ്രദാനംചെയ്യുന്ന ഫൈവ് സ്റ്റാര്‍ എയര്‍ലൈന്‍സുകളെ കടത്തിവെട്ടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്‌.വിദേശ വിമാനകമ്പനികള്‍ ആയതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിനോ ,സിംഗപ്പൂരിലെ പ്രവാസി സംഘടനകള്‍ക്കോ കൂടുതല്‍ സമ്മര്‍ദം ചെലുത്താനും സാധ്യമല്ല എന്നതും എയര്‍ലൈന്‍സുകള്‍ക്ക് സഹായകമാകുന്നു,ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഒന്നുംതന്നെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നില്ല.ഇവയ്ക്കു പുറമേ ജെറ്റ് എയര്‍വെയ്സ് ,എയര്‍ ഇന്ത്യ,ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ എന്നിങ്ങനെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള യാത്രയ്ക്കും നിരക്കില്‍ വലിയ കുറവില്ല.
 
സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയില്‍ ഏകദേശം 2500-ഉം ,തിരുവനന്തപുരത്തേക്ക് 1200-ഉം ,കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് 3000 സീറ്റുകളുമായി വര്‍ധിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിരക്കിലുള്ള വര്‍ധനയില്‍ മാറ്റമൊന്നുമില്ല എന്നതില്‍ യാത്രക്കാര്‍ അതൃപ്തരാണ്.ഉയര്‍ന്ന നിരക്കുമൂലം കുടുംബസമേതമുള്ള അവധിക്കാല സ്വപ്നങ്ങള്‍ക്കും , സീസണിലെ വിനോദസഞ്ചാരമേഖയ്ക്കും മേലെ കരിനിഴല്‍ വീഴുകയാണ്.