ജനീവ: ചൈനീസ് കമ്പനിയായ സിനോവാക് ബയോടെകിന്റെ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്‌സിന്‍ നല്‍കേണ്ടത്. രണ്ടു ഡോസുകള്‍ക്കിടയില്‍ രണ്ടു മുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ഡബ്ല്യു.എച്ച്.ഒയുടെ പ്രസ്താവനയില്‍ പറയുന്നു.
ലോകാരോഗ്യ സംഘനടയുടെ അംഗീകാരം ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സിനോവാക്. നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം വാക്‌സിന് അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലാണ് സിനോഫാമിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചത്. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയായ കോവാക്‌സിലും സിനോവാക് വാക്‌സിന്‍ ഉള്‍പ്പെടും.
ഇന്ത്യ കയറ്റുമതി നിരോധിച്ചത് കാരണം 91 ഓളം ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പ്രതിസന്ധിയിലായിരുന്നു. ചൈനയുടെ സിനോവാകിന് ഡബ്ല്യു.എച്ച്.ഒ അംഗീകാരം നല്‍കിയത് ഈ പ്രതിസന്ധി മറികടക്കാനാണെന്നാണ് സൂചന. അസ്ട്രാസെനക്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു ബില്ല്യണ്‍ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവാക്‌സ് പദ്ധതിയിലൂടെ വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ വാക്‌സിനുകള്‍ക്ക് കയറ്റുമതി നിയന്ത്രണം പ്രഖ്യാപിച്ചതോടെ നിരവധി രാജ്യങ്ങള്‍ പ്രതിസന്ധിയിലായെന്നും കഴിഞ്ഞ ദിവസം ഡബ്ല്യു.എച്ച്.ഒ പറഞ്ഞിരുന്നു.
ഫൈസര്‍, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകള്‍.