സിംഗപ്പൂര്‍: ട്യൂഷന്‍ ഗ്രാന്‍ഡ് കരാര്‍ ലംഘിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ സിംഗപ്പൂര്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സിംഗപ്പൂരിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ട്യൂഷന്‍ ഗ്രാന്‍ഡിന് അര്‍ഹതയുള്ളത്. പഠനശേഷം മൂന്ന് വര്‍ഷമെങ്കിലും സിംഗപ്പൂരില്‍ ജോലിയെടുക്കണം എന്ന നിബന്ധനയോടെയാണ് ഓരോ വിദേശ വിദ്യാര്‍ത്ഥിക്കും , പ്രതിവര്‍ഷം ഏതാണ്ട് 12000 മുതല്‍ 15000 ഡോളര്‍ വരെ MOE ട്യൂഷന്‍ ഗ്രാന്‍ഡ് ആയി നല്‍കുന്നത്. അതായത്, മൂന്നു വര്ഷത്തെ കോഴ്സിനു ഏകദേശം 18- 20 ലക്ഷം ഇന്ത്യന്‍ രൂപയും, നാലു വര്ഷത്തെ കോഴ്സിനു ഏകദേശം 24- 26 ലക്ഷം ഇന്ത്യന്‍ രൂപയുമാണ് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടി സിംഗപ്പൂര്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
എന്നാല്‍ ട്യൂഷന്‍ ഗ്രാന്‍ഡ് സ്വീകരിച്ച ശേഷം മൂന്നു വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കാതെ സ്വന്തം നാട്ടിലേക്കു തിരിച്ചു പോവുകയോ, MOEയുടെ അനുമതിയില്ലാതെ തുടര്‍പഠനത്തിനായി മറ്റുരാജ്യങ്ങളിലേക്ക് പോവുകയോ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് കൂടുതല്‍ ശ്രദ്ധയോടെ ഇത്തരം സംഭവങ്ങള്‍ വീക്ഷിക്കാന്‍ MOE തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കനുസരിച്ച് ട്യൂഷന്‍ ഗ്രാന്‍ഡ് സ്വീകരിച്ചിട്ടുള്ള 80 ശതമാനം പേരും പഠനം പൂര്‍ത്തിയാക്കിയ ശേഷം സിംഗപ്പൂരില്‍ തന്നെ ജോലി ചെയ്യുന്നതായി മന്ത്രി ഹെന്ഗ് സ്വീ കീറ്റ് പാര്‍ലിമെന്റില്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ ജോലി തേടുകയോ അനുമതി തേടാതെ തുടര്‍പഠനത്തിനായി പോവുകയോ ചെയ്തിട്ടുണ്ടാകാം എന്ന്, അവരുടെ കണക്കുകള്‍ MOE ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും, കൃത്യമായ കണക്കുകള്‍ അതിനുശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും സിംഗപ്പൂരിലെ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത്. അവരില്‍ മിക്കവരും സിംഗപ്പൂരില്‍ തന്നെ ജോലി നേടുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നു.
ട്യൂഷന്‍ ഗ്രാന്‍ഡ് സ്വീകരിച്ചിട്ടുള്ളവര്‍ ജോലി നേടിയ ഉടന്‍ tgonline.moe.gov.sg എന്ന വെബ്‌സൈറ്റില്‍ അവരുടെ തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്. കരാര്‍ പാലിക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ഏതു രീതിയില്‍ ഉള്ള നടപടികളാണ് കൈക്കൊള്ളുക എന്ന കാര്യം വ്യകതമല്ല.