ധോണിയെ എന്തിന് കൊള്ളാം?

0
 
ഞാന്‍ ഒരു കടുത്ത ധോണി വിരോധിയൊന്നും അല്ല. എങ്കിലും മഹേന്ദ്രസിംഗ് ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവിനെ കൊണ്ട് എന്തിനു കൊള്ളാം എന്ന് തോന്നിപ്പോകുന്നു. ഒരു മികച്ച ഇന്നിംഗ്സ് അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടു വര്‍ഷങ്ങള്‍ തന്നെ ആയി. ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയും ഭാരമായ ധോണി ടീമില്‍ തുടരുന്നത് ആരുടെ താല്പര്യമാണ്?
അസ്ഹറൂദ്ധീനും ജഡെജയുമൊക്കെ കോഴ ഇടപാടില്‍ പെട്ട് പുറത്തു പോയ ശേഷം സൌരവ് ഗാംഗുലി എന്ന ബംഗാള്‍ സിംഹമാണ് ഇന്ത്യന്‍ ടീമിനെ ഉടച്ചു വാര്‍ത്ത് വിജയപാതയിലും 2003 ലോകകപ്പ്‌ ഫൈനല്‍ വരെയും എത്തിച്ചതും. ഏകദിന ടെസ്റ്റ്‌ റാങ്കിങ്ങുകളില്‍  ഏതാണ്ട് സിംബാബ്‌വെക്കോ കെനിയക്കോ ഒക്കെ അരികില്‍ ആയിരുന്നു ദാദ ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനം. തുടര്‍ന്നിങ്ങോട്ട് ഹര്‍ഭജനെയും യുവരാജിനെയും ധോണിയെയും ഒക്കെ വാര്‍ത്തെടുത്ത ഗാംഗുലി എന്ന ക്യാപ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി. ഇന്ത്യ വിദേശമണ്ണില്‍ കളി ജയിക്കാന്‍ തുടങ്ങിയത് ആ കാലം മുതല്‍ക്കാണ്. ഫീല്‍ഡില്‍ എലികളായിരുന്ന ഇന്ത്യന്‍ താരങ്ങളെ പുലികളാക്കി മാറ്റിയത് ദാദ തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് മേലാളന്മാരുടെ അപ്രീതിക്ക് പാത്രമായ അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിയുകയാണ്‌ ബി സി സി ഐ ചെയ്തത്. ലോകകപ്പ്‌ കയ്യെത്തും ദൂരത്ത്‌ നഷ്ടപ്പെട്ടെങ്കിലും അവസാനസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ റാങ്കിങ്ങില്‍ രണ്ടാമത് എത്തിച്ചാണ് ഗാംഗുലി കളം വിട്ടത്.
ഒരു വര്‍ഷത്തോളം ദ്രാവിഡ് നയിച്ച ശേഷം, തരക്കേടില്ലാതെ കളിച്ചു കൊണ്ടിരുന്ന ധോണി എന്ന മുടി നീണ്ട റാഞ്ചിക്കാരന്‍ പയ്യനാണ് ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായത്. 
ഗംഗുലി എന്ന കഠിനാധ്വാനിയായ, ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് കൊണ്ടു നടന്നിരുന്ന ഒരു ക്യാപ്ടന്‍ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍ ടീമെന്ന മാവിലെ മാമ്പഴങ്ങള്‍ കഴിക്കാന്‍ ഭാഗ്യമുണ്ടായ ക്യാപ്ടനാണ് ധോണി. വളരേ മികച്ച ഒരു ടീം പിന്ബലമുണ്ടായിരുന്നത് കൊണ്ട് ലോകകപ്പടക്കം വന്‍കിട ടൂര്‍ണമെന്റുകള്‍ ജയിച്ചതിന്റെ ക്രഡിറ്റ് ധോണിക്കായി. ഗ്രൗണ്ടില്‍ സഹകളിക്കാരെ പ്രോത്സാഹിപ്പിക്കുക പോലും ചെയ്യാത്ത ക്യാപ്ടന് കളി ജയിക്കുന്നത് കൊണ്ട് മാത്രം ‘ക്യാപ്ടന്‍ കൂള്‍’ എന്ന പേരും മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കി. 
ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേക്കേറിയതോടെയാണ് ധോണി തന്‍റെ ബിസിനെസ്സ് സാമ്രാജ്യം വളര്‍ത്തി വലുതാക്കാന്‍ തുടങ്ങിയത്. ഒടുവില്‍ ഐ പി എല്‍. ബി സി സി ഐ മുതലാളിമാരുടെ പൊന്നോമനയായി മാറിയ ധോണിയുടെ ക്യാപ്ടന്സി മികവ് എന്ന ചീട്ടു കൊട്ടാരം തകര്‍ന്നു വീണു തുടങ്ങിയത് ദ്രാവിഡ്, സച്ചിന്‍ തുടങ്ങിയ മഹാരഥന്മാര്‍ ടീം വിട്ടതോടെയാണ്. അവര്‍ നേരത്തെ വിരമിക്കാനും, ഹര്‍ഭജനെ പോലെ കഴിവുള്ള സ്പിന്നെര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ അശ്വിനെ പോലുള്ള മൂന്നാം കിട കളിക്കാര്‍ സ്ഥിരമായി ടീമില്‍ നില്‍ക്കുന്നതിനും ധോണിമഹാരാജാവ് ആണ് കാരണം എന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍. മലയാളിതാരം ശ്രീശാന്തിനെ കോഴവിവാദത്തിന്റെ പേരില്‍ ഒതുക്കിയതും ധോണിയുടെ നേതൃത്വത്തില്‍ ആണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം സത്യമാണോ എന്നറിയില്ല. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആണ്.
ഒടുവില്‍ ഈ അടുത്ത് സമാപിച്ച ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏതാണ്ടെല്ലാ മത്സരങ്ങളും പരാജയപ്പെട്ട അവസ്ഥയിലേക്ക് ഇന്ത്യന്‍ ടീം എത്തിച്ചേര്‍ന്നു. ടീം ബലത്തിന്റെ മാത്രം മികവില്‍ ജൈത്രയാത്ര നടത്തിയ ധോണി എന്ന ക്യാപ്ടനെ എന്തിനു കൊള്ളാം എന്ന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ചോദിക്കുന്നത്.
 
—————————————————————————————————–
 
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളല്ല!