കൊച്ചി : പൊതുഗതാഗതസംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ രണ്ട് കെ .എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്ക് അയക്കുന്നു . നഗരഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് രണ്ട് സോണല്‍ ഓഫിസര്‍മാരുടെ ഒരാഴ്ച നീളുന്ന സിംഗപ്പൂര്‍ സന്ദര്‍ശനം.എന്നാല്‍ ബോര്‍ഡ് അനുമതിയില്ലാതെയാണ് ഇവരുടെ വിദേശയാത്ര എന്നാണ് അറിയുന്നത് .സാമ്പത്തിക പ്രതിസന്ധികൊണ്ട് കെ.എസ്.ആര്‍.ടി.സി നട്ടം തിരിയുന്ന സമയത്താണ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഉദ്യോഗസ്ഥര്‍ സിംഗപ്പൂര്‍ ,മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സോണല്‍ ഓഫിസര്‍ സെറാഫ് മുഹമ്മദ് ,കൊല്ലം സോണല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ എന്നിവരെയാണ് നഗരഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശയാത്രക്ക് നിയോഗിച്ചിരിക്കുന്നത്.ഇവരുടെ യാത്രയ്ക്കായി ലക്ഷങ്ങള്‍ മാറ്റിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത് .കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലാഭകരമായി മുന്നോട്ട് പോകുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം താഴേക്കാണ്. പൊതുഗതാഗത സംവിധാനം കുറ്റമറ്റതായി നടക്കുന്ന സംസ്ഥാനങ്ങളില്‍ പോയാല്‍ തന്നെ ഇത് പഠിക്കാന്‍ കഴിയും എന്നിരിക്കെയാണ് ലക്ഷങ്ങളുടെ ധൂര്‍ത്തില്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്ര.അതുകൊണ്ട് തന്നെ തൊഴിലാളി സംഘടനകള്‍ ഇതിനെതിരായി രംഗത്ത് വന്നു കഴിഞ്ഞു .
കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എം.ഡി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പലതവണ ക്ഷണിച്ചതാണ്. ഇത് അവഗണിച്ചാണ് ഇപ്പോള്‍ ഇതേ ആവശ്യത്തിനുള്ള വിദേശയാത്ര. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല .ഉദ്യോഗസ്ഥരുടെ വിദേശയാത്രയെക്കുറിച്ച് അറിയില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ ഇതുവരെയുള്ള പ്രതികരണം