ന്യൂഡല്‍ഹി: ഇന്ന് ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, കൊവിഡിനെതിരെ യോഗ കവചമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ അന്താരാഷ്ട്ര യോഗദിനം ഓണ്‍ലൈനായിട്ടാണ് ആചരിക്കുന്നത്.
ഇന്ന് രാവിലെ ആറരയ്ക്കാണ് അന്താരാഷ്ട്ര യോഗ ദിന പരിപാടിയെ പ്രധാനമന്ത്രി അഭി സംബോധന ചെയ്തത്. കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു. മഹാമാരിക്കെതിരെ ആളുകള്‍ക്ക് പോരാടണമെന്ന വിശ്വാസം ഇത് പകര്‍ന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. പലമാനസിക പ്രശ്നങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് യോഗയെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കൊവിഡ് കാലത്ത് യോഗ പരിശീലിക്കാന്‍ ഉത്തമ സമയമാണ്.