കൊല്ലം ∙ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കിരണിന്റെ ഭാര്യ വിസ്മയയെ തിങ്കളാഴ്ച പുലർച്ചെയാണു ശൂരനാട് പോരുവഴിയിലെ കിരണിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
മോട്ടര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരൺ. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിസ്മയയുടേത് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം മേയ് 31ന് ആയിരുന്നു ഇവരുടെ വിവാഹം.
ഭര്‍തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഞായറാഴ്ച വിസ്മയ ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. പിന്നാലെയാണ് വിസ്മയയുടെ മരണം.
നൂറ് പവന് സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ആരോപിച്ചു. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.