വിവാദങ്ങളിൽ അഭിരമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് മലയാളികൾ. അത് അവർക്ക് ശ്വാസനിശ്വാസങ്ങൾ പോലെ അനിവാര്യമാണ്. ഒരു പുതിയ വിവാദമില്ലാതെ ഒരു ദിനം പോലും തള്ളി നീക്കാൻ കേരളീയർക്കാവില്ല.
ഇന്നത്തെ വിവാദ വിഷയം ന്യൂനപക്ഷ സ്കോളർഷിപ്പാണ്. കേന്ദ്ര ഗവൺമെൻറ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് തുക കൈമാറുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്. മുസ്ലിം – ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് മത വിഭാഗങ്ങളിൽ പെട്ട വിദiർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് അനുവദിച്ച് വരുന്നത്. എല്ലാം വിവാദമാക്കുന്ന, വിവാദ വിളയെടുപ്പ് നടത്തുന്ന കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പും വിവാദത്തിൻ്റെ പുകമറയിലാണ്.
ഏത് പദ്ധതികൾ നടപ്പിലാക്കുമ്പോഴും വോട്ട് ബാങ്കിൽ കണ്ണ് നട്ടിരിക്കുന്ന ഇവിടുത്തെ ഭരണാധികാരികൾ ഈ പദ്ധതിയുടെ നടത്തിപ്പിലും വെള്ളം ചേർക്കുകയായിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിയമിക്കപ്പെട്ട സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് കേരളത്തിൽ ഫലപ്രദമായി നടത്താനാണ് പാലോളി കമ്മീഷനെ നിയമിച്ചിരുന്നത്. ഈ കമ്മീഷൻ്റെ നിർദ്ദേശമനുസരിച്ചായിരുന്നു 80:20 അനുപാതത്തിൽ സ്കോളർഷിപ്പ് നൽകാനുള്ള തീരുമാനം എടുത്തിരുന്നത്. ഈ തീരുമാനമാണ് ഹൈക്കോടതി വിധിയിലൂടെ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.
ഏതെങ്കിലും ഒരു മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കുടുതലോ മറ്റുള്ളവർക്ക് കുറവോ എന്നുള്ളത് ശരിയായ നിലപാടല്ലെന്നും ജനസംഖ്യാനുപാതമായി തുല്യമായി നൽകണമെന്നുമാണ് ഹൈക്കോടതി അസന്നിഗ്ദമായി നിർദ്ദേശിച്ചിട്ടുള്ളത്. എത് തീരുമാനമെടുക്കുമ്പോഴും സർക്കാർ പിൻതുടരേണ്ടത് തുല്യനീതി എന്നുള്ള സങ്കല്പം തന്നെയായിരിക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ക്ഷേമകാര്യങ്ങളിൽ പിൻതുടരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അർഹതയുള്ളവർക്ക് ലഭിക്കേണ്ടത് ലഭിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. മററുള്ളവർക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നത് തങ്ങൾക്ക് നഷ്ടം വരുത്തുന്നുവെന്ന് പറയുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ അസംബന്ധമാണ്.