സസ്പെന്‍സ്, ആക്ഷന്‍, ത്രില്ലര്‍ മൂവികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമാണെങ്കില്‍ തീര്‍ച്ചയായും ഒരു വട്ടം ഈ ചിത്രം കാണാം, ഇത് നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ സാധിക്കാത്ത തരത്തില്‍ കഥ മുന്നേറുമ്പോള്‍, ഇടക്കെപ്പോഴോ നമ്മെ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും സസ്പെന്‍സ് നിലനിര്‍ത്തി ക്ലൈമാക്സില്‍ പ്രേക്ഷകന് ഒരു സര്‍പ്രൈസും നല്കുന്നു ഈ ചിത്രം. അതിനാല്‍ തന്നെ നവാഗത സംവിധായകനായ ശ്യാംധറും, നവാഗത തിരക്കഥാകൃത്തായ അഖില്‍ പോളും അഭിനന്ദനം അര്‍ഹിക്കുന്നു.
വിനയ് ഫോര്‍ട്ട്, ടൊവിനോ, അനൂപ് മോഹന്‍, ജനനി അയ്യര്‍, പ്രവീണ്‍ തുടങ്ങിയ താരങ്ങള്‍ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കപെടുന്ന "കഥ" പറയുന്നത് അഥവാ പറയിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഡേവിഡ് അബ്രഹാം എന്ന കഥാപാത്രം ആണ്. സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി പൃഥ്വിയുടെ ഗെറ്റപ്പും, വോയിസ് മോഡ്യുലേഷനും പ്രേക്ഷകരില്‍ ഒരു കരുത്തുറ്റ നായകന്റെ ഇമേജ് ജനിപ്പിക്കുന്നുണ്ട്. അടിയും, ഇടിയും ആക്രോശവും ഒന്നും ഇല്ലാത്ത, വളരെ കണ്ട്രോള്ഡ് ആയ ആക്ടിംഗ്, രസകരമായ ചില ഭാവ പ്രകടനങ്ങള്‍ എന്നിവ ശ്രദ്ധേയം തന്നെയാണ് പൃഥ്വിയില്‍.
ഒരു ക്രിസ്മസ് ഈവില്‍ നിന്നും പറഞ്ഞു തുടങ്ങുന്ന കഥ; ഫ്ലാഷ് ബാക്കിലൂടെയും പ്രസന്റിലൂടെയും ഇടകലര്‍ന്ന് സഞ്ചരിച്ചു ഏഴാം നാള് എല്ലാ ഉത്തരങ്ങളും നല്കി, പ്രശ്നങ്ങളും പരിഹരിച്ചു രമ്യമായ രീതിയില്‍ പറഞ്ഞവസാനിപ്പിക്കുന്ന അഞ്ചു കൂട്ടുക്കാരുടെ കഥ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നല്കി പടം തീരുന്നു.
വളരെ ശരാശരിയായ, വലിയ സംഭവമൊന്നുമല്ലാത്ത കഥാതന്തുവിനെ സമര്‍ത്ഥമായ അവതരണത്തിലൂടെയും അതിനു ചേര്‍ന്ന ക്യാമറയിലൂടെയും ഒരു മികച്ച ചിത്രമാക്കി തീര്‍ക്കാന്‍ പരമാവധി ശ്രമിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഗാനങ്ങള്‍ ഉണ്ടെകിലും, ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ദീപക് ദേവിന്റെ സംഗീതമോ അഞ്ചു കൂട്ടുകാരുടെ മുഖങ്ങളോ ഉണ്ടാകണമെന്നില്ല. പകരം ഡേവിഡ് അബ്രഹാമിന്റെ രൂപവും, ശബ്ദവും , തന്ത്രങ്ങളും മനസ്സില്‍ തങ്ങി നില്ക്കുന്നു. അത് തന്നെ 'സെവന്ത് ഡെ' യുടെയും വിജയമായി കരുതാവുന്നതാണ്.
സൈഡ് കട്ട് : ഒരു സസ്പെന്‍സ് ലവര് ആണു നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എങ്കില്‍ , തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ചിത്രം കാണാം . വന്‍ സംഭവങ്ങള്‍ ഒന്നമില്ലാത്ത എന്നാല്‍ പ്രേക്ഷകനെ ആകാംക്ഷാഭരിതനാക്കുന്ന ചിത്രം.