മലപ്പുറം : കാലാകാലങ്ങളായി കേരളത്തിന്റെ ടൂറിസം സാധ്യതകളെ സിംഗപ്പൂരുമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുള്ളത്.ഇപ്പോള്‍ ആ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കോട്ടക്കുന്ന് തയ്യാറാകുന്നു. കോട്ടക്കുന്നിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് ശനിയാഴ്ച അന്തിമ രൂപമാവും. 36 ഏക്കറില്‍ വിസ്തൃതമായ കോട്ടക്കുന്നിനെ സിംഗപ്പൂരിലെ സെന്റോസ പാര്‍ക്കിന്റെ മാതൃകയില്‍ വിനോദ-വിജ്ഞാന കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കുന്നത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ഭാരാഷ്വാ കമ്പനിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
കരട് രൂപരേഖ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് അന്തിമ അനുമതിക്കായി വിദഗ്ദ്ധരുടേയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, മുതിര്‍ന്നവരുടെ പാര്‍ക്ക്, അക്വേറിയം, അത്യാധുനിക അമ്യൂസ്മെന്റ് പാര്‍ക്ക്, കേബിള്‍ കാര്‍, ഉല്ലാസ െട്രയിന്‍, അഡ്വഞ്ചര്‍ സോണ്‍, ഷോപ്പിങ് ഏരിയ, ഫുഡ് കോര്‍ട്ട്, എക്സിബിഷന്, എ.സി. കോണ്‍ഫറന്‍സ് ഹാളുകള്‍, മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍, അപൂര്‍വയിനം പൂക്കളുടെ ശേഖരം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഇരിപ്പിടങ്ങള്‍, അത്യാധുനിക വേസ്റ്റ് മാേനജ്മെന്റ്, ചിത്രകലാമ്യൂസിയം, നടപ്പാതകള്‍, റോഡ് വികസനം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പ്ലാനിലുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ടൂറിസം വകുപ്പും മറ്റുള്ളവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കോട്ടക്കുന്നില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന രീതിയിലാണ് മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്യുന്നത്. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെയും പി.ഉബൈദുള്ള എം.എല്‍.എ. യുടെയും സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തുക. ജില്ലാ കളക്ടര്‍ കെ. ബിജു ചര്‍ച്ച ക്രോഡീകരിക്കും. വിവിധതലങ്ങളിലുള്ള വിദഗ്ദ്ധരോടൊപ്പം പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. രാവിലെ 10 ന് കോട്ടക്കുന്ന് ഡി.ടി.പിസി. ഹാളിലാണ് പരിപാടി. മലപ്പുറം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്കായി ടൗണ്‍ പ്ലാനിങ് വിഭാഗം തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം കൂടി ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടാതെയും കോട്ടക്കുന്നിന്റെ സ്വാഭാവികത നശിപ്പിക്കാതെയും കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആകര്‍ഷകമാക്കിയുമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍കോയ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം സിംഗപ്പൂരിലെ ടൂറിസം മേഖലയിലെ പ്രമുഖരുമായി സംസാരിച്ചുകൊണ്ട് കാര്യങ്ങള്‍ എകൊപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.