ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് മനസ്സിലേക്ക് ഓടിയെത്തുന്നത് പച്ചയും മഞ്ഞയും ജേഴ്സിയും ,ഫുട്ബോളും പിന്നെ “പെലെ” എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ പേരും…കുറച്ചു കൂടി അറിയുന്നവര്‍ക്ക് അവിടത്തെ സുന്ദരമായ കോപ്പക്കബാന ബീച്ചും,”Corvocado” മലമുകളിലിരുന്ന് രാജ്യത്തെ സംരക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിമയും ,പിന്നെ കാണാ കടലുപോലെ കിടക്കുന്ന ഹെക്ടറുകണക്കിനുള്ള ചേരികളും. വേറെ ഒന്നും തന്നെ ഇല്ല ഈ രാജ്യത്തെ കുറിച്ച് എടുത്തു പറയാന്‍ മാത്രം.
എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ ബ്രസീല്‍ എന്നാല്‍ ഫുട്ബോളിന്റെ പര്യായം തന്നെ – ഊണിലും ഉറക്കത്തിലും എന്നു വേണ്ട , ശ്വാസത്തില്‍ പോലും ഫുട്ബോള്‍ ഓടുന്ന നാട്.ആ വിശ്വ സങ്കല്പത്തെ തച്ചുടച്ച കാഴ്ചയ്ക്കാണ് 2014 വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ സാക്ഷ്യം വഹിച്ചത്. ഒന്നും രണ്ടും ഗോളുകള്‍ക്കല്ല ബ്രസീല്‍ ഈ പരാജയം ഏറ്റു വാങ്ങിയത്…7 ജര്‍മന്‍ഗോളുകളാണ് ബ്രസീല്‍ ഗോള്‍പോസ്റ്റ് വിഴുങ്ങിയത്… തിരിച്ചു കൊടുക്കാന്‍ സാധിച്ചത് ഒരെണ്ണം മാത്രവും….നെയ്മരുടെ കനത്ത മുറിവിന്റെ കൂടെ രാജ്യത്തിന്‌ഈ ദശാബ്ദത്തില്‍ ഏറ്റവും വലിയ ആഘാതം ഇത് തന്നെ എന്നു കരുതാം.
2011 –ലാണ് എനിക്ക് ബ്രസീല്‍ -ലെ , റിയോ ദേ ജന്യെരോ (ചുരുക്കത്തില്‍ “റിയോ”) എന്ന നഗരത്തില്‍ പോകാന്‍ അവസരം ലഭിച്ചത്.രണ്ട് മൂന്ന് ആഴ്ച ആ നാട്ടില്‍ ചിലവിട്ടത് കൊണ്ടാകാം , എനിക്ക് മനസ്സ് കൊണ്ട് ആ നാടിനോടൊരു സ്വകാര്യ മമത.ആ ജനങ്ങുടെ ഒപ്പം എനിക്കും ഈ തോല്‍വിയില്‍ ഒരു നഷ്ട ബോധം.
മലയാളികള്‍ക്ക് ബ്രസീല്‍ ഇഷ്ട്ടപ്പെടാന്‍ വേറെയും ഉണ്ട് കാരണങ്ങള്‍..മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ…ചോറും പയറും ,പിന്നെ ബീഫും ഇഷ്ടം പോലെ..പിന്നെ പഴംപൊരിയും.. കരിമ്പ് വാറ്റു കൊണ്ടുണ്ടാക്കുന്ന പഞ്ചസാരയും നാരങ്ങയും ചേര്‍ത്ത് കുടിക്കുന്ന “കൈപ്രീന്യ” ആണ് ഇവിടത്തെ രാഷ്ട്ര പാനീയം അഥവാ നാഷണല്‍ ഡ്രിങ്ക്.
ഇത്രയും പറഞ്ഞപ്പോള്‍ ഭാര്യക്കൊരു സംശയം – ഞാന്‍ ബ്രസീല്‍-ഇല്‍ തന്നെയാണോ എത്തിയതെന്ന്..അതോ നാട്ടിലോ..ചുറ്റുമുള്ള പോര്‍ച്ചുഗീസ് വര്‍ത്തമാനം കേട്ടപ്പോള്‍ സമാധാനമായി… ബ്രസീല്‍ തന്നെ.
കോപ്പക്കബാന ബീച്ചിനോളം സുന്ദരമായൊരു ബീച് ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല..ഇത്രയും ഉയരത്തിലുള്ള തിരകള്‍ വരുന്ന ബീച്ചും… കണ്ണിനു കുളിര്‍മ നല്‍കുന്ന ലാറ്റിന്‍ സുന്ദരികളും…. എന്നു വേണ്ട… ഇന്നലെ പോയത് പോലത്തെ ഓര്‍മ. ബോംബെ ജുഹു ബീച് പോലെയാണ് കോപ്പക്കബാന. റോഡ് സൈഡ്-ഇല്‍ ഒരു ബീച്. അതിനാല്‍ പേടിക്കേണ്ട കാര്യം ഇല്ല.. എപ്പോഴും ആളുണ്ടാകും. അവധി ദിവസങ്ങളില്‍ വണ്ടികള്‍ പാടില്ല… ഈ റോഡിലൂടെ.. ബീച്ചും റോഡും സഞ്ചാരികള്‍ക്ക് സ്വന്തം.
അന്ന് മരക്കാന സ്റ്റേടിയത്തിനു മുന്നിലെത്തിയപ്പോള്‍ വേള്‍ഡ് കപ്പ് 2014-നായി പണികള്‍ നടക്കുകയായിരുന്നു..അതിനാല്‍ ഉള്ളില്‍ കയറാന്‍ സാധിച്ചില്ല..പുറത്ത് നിന്ന് കണ്ടാല്‍ ,കോട്ടയം അയ്യപ്പാസിനെറെ റേഡിയോ പരസ്യം പോലെ… ഒരു ചെറിയ സ്ഥലം.. ഒരു വേള്‍ഡ് കപ്പ് നടത്താന്‍ കഴിവുള്ള സ്ഥലം ആണിതെന്നു ആരും തന്നെ പറയില്ല. അകത്ത് വിശാലമായ ഷോറൂം എന്നത് ടി വി –യില്‍കണ്ടപ്പോള്‍ മനസ്സിലായി.
അവിടെ മനസ്സിലേക്ക് ഓടിവരുന്ന ഒരു രംഗമുണ്ട് – ഒരു 50 വയസ്സോളം പ്രായം വരുന്ന , ബ്രസീലിന്‍റെ ഫുട്ബോള്‍ ജേഴ്സി അണിഞ്ഞ ഒരു മനുഷ്യന്‍.. ഫുട്ബോള്‍ കൊണ്ട് മാജിക് കാണിച്ച് കാണികളെ ഹരം കൊള്ളിച്ച്, അത് കൊണ്ട് കിട്ടുന്നത് കൊണ്ട് അരി വാങ്ങിക്കുന്ന ഒരു പാവം.. ആരാണ് ആ മനുഷ്യനെന്ന് ആര്‍ക്കും തന്നെ അറിയില്ല.. ഏതോ കാലത്തെ മങ്ങലേറ്റ താരമോ ,അതോ അതിനും അവസരം കിട്ടാതെ പോയ ഒരു ജന്മമോ ?
ആ മനുഷ്യനുള്‍പ്പെടെ കോടിക്കണക്കിനു ബ്രസീലുകര്‍ക്കും ,അവരെ ഫുട്ബോളിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു കരുതിയിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കും ഇനിയും 4 വര്‍ഷം കാത്തിരിക്കേണം ,ബ്രസീലിന്റെ ഫുട്ബോള്‍ ഭാവി അറിയാന്‍.
സ്കൊലാരിയും , Corvocado മലമുകളിളിരിക്കുന്ന യേശു ക്രിസ്തുവിനും ഒരു പക്ഷേ ഒരേ പ്രാര്‍ഥനയാകാം – ഈ പാന പാത്രമെന്നില്‍ നിന്ന് അകറ്റെണമെന്ന്….
പ്രസിദ്ധമായ മലമുകളിലെ ക്രിസ്തുവിന്റെ പ്രതിമ-സിറ്റിയില്‍ നിന്നുമുള്ള കാഴ്ച്ച |