ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, പുതിയ കരസേനാമേധാവി..

0

ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ കരസേനാമേധാവിയായി, ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ചുമതലയേല്‍ക്കും. ഇപ്പോള്‍ കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

നേഷണല്‍ ഡിഫന്‍സ് അക്കാഡമി, 1970 ബാച്ചില്‍ പുറത്തിറങ്ങിയ ജെനറല്‍ സുഹാഗ്, 1987  മുതല്‍ 1990 വരെ ഇന്ത്യ ശ്രീലങ്കയില്‍ നടത്തിയ "ഓപറേഷന്‍ പവന്‍" അടക്കം നിരവധി മിഷനുകളില്‍ സ്തുത്യര്‍ഹമായ നേതൃപാടവം കാഴ്ചവെച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജെനറല്‍ വി കെ സിംഗ് കരസേനാ മേധാവിയായിരിക്കുമ്പോള്‍, ഇദ്ദേഹത്തിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും, പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെടുകയാണുണ്ടായത്.

ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബിശാന്‍ എന്ന ഗ്രാമത്തിലാണ്  ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ ജനനം. അച്ഛന്‍ പട്ടാളത്തിലെ ഒരു സാധാരണ ശിപ്പായി, റാം ഫല്‍ സുഹാഗ്. അദ്ദേഹത്തിന്റെ രണ്ട് മുന്‍തലമുറകള്‍ പട്ടാളത്തില്‍ ശിപ്പായി റാങ്കില്‍ ജോലി ചെയ്തവരായിരുന്നു. എന്നാല്‍ ചെറുപ്പം മുതല്‍ പഠിത്തത്തിലും മറ്റു കാര്യങ്ങളിലും മുന്‍പന്തിയിലായിരുന്ന ദല്‍ബീര്‍ സിംഗില്‍, വലിയൊരു "നേതാവിനെ" താന്‍ കണ്ടിരുന്നെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് കരസേനാമേധാവിയായി ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതലയേല്‍ക്കുമ്പോള്‍, ഒരു ഗ്രാമം മുഴുവന്‍ സന്തോഷത്തിന്റെയും, അഭിമാനത്തിന്റെയും ഉന്നതിയിലാണ്. ഒപ്പം ഒരു ജീവിതകാലം മുഴുവന്‍ രാജ്യത്തിനായി എല്ലാം സമര്‍പ്പിച്ച ഒരു പിതാവിന്റെ സ്വപ്ന സാക്ഷാത്കാരവും…