ജീന്‍സ് വിഷയത്തില്‍ ലോകത്തെമ്പാടുമുള്ള സോഷ്യല്‍ മീഡിയ കൂലിതൊഴിലാളികളും അല്ലാത്തവരുമായ മലയാളികള്‍ യേശുദാസിനെ പഞ്ഞിക്കിട്ടു കൊണ്ടിരിക്കുകയാണല്ലോ! സ്ത്രീകള്‍ ജീന്‍സ് ധരിക്കണോ വേണ്ടയോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. യേശുദാസ് എന്ന വ്യക്തിയുടെ അഭിപ്രായത്തോട് നമ്മള്‍ പ്രതികരിച്ച രീതിയെ ഒന്നു വിശകലനം ചെയ്തു നോക്കിയാല്‍ നൂറു ശതമാനം സാക്ഷരനായ മലയാളിയുടെ വികലമായ ചിന്താഗതി വെളിവാകും.
ജനാധിപത്യത്തിന്‍റെയും അമിതസ്വാതന്ത്ര്യത്തിന്‍റെയും ഉപോല്‍പ്പന്നമാണോ എന്നറിയില്ല, ഭൂരിപക്ഷം യോജിക്കാത്ത അഭിപ്രായങ്ങളും അപ്രിയ സത്യങ്ങളും പറയുന്ന ഏതൊരു വ്യക്തിയെയും അഭിപ്രായത്തിന്‍റെ ശരി-തെറ്റുകളെക്കുറിച്ച് ആലോചിക്കാതെ അയാളെ കടന്നാക്രമിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ജീന്‍സ് ധരിക്കാന്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പോലെ സ്ത്രീകള്‍ക്ക് ജീന്‍സ് അഭികാമ്യമല്ല എന്ന് അഭിപ്രായപ്പെടാനുള്ള സ്വാതന്ത്ര്യം യേശുദാസിനും ഇല്ലേ? അതിന്‍റെ പേരില്‍ യേശുദാസിനെ ക്രൂശിക്കുന്നതെന്തിന്? ആരെയും വ്യക്തിപരമായി ആക്രമിക്കാതെ ഉള്ള അഭിപ്രായസ്വാതന്ത്ര്യം മൗലികഅവകാശമായി ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവദിച്ചു നല്‍കിയിട്ടുണ്ട്.
ഇനി യേശുദാസിന്‍റെ കാര്യമെടുക്കാം അമേരിക്കയിലാണ് താമസമെങ്കിലും എന്നും മലയാളി ആയി, ഇന്ത്യന്‍ ആയി, ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. ജീന്‍സ് ഒരിക്കലും ഭാരതീയ സംസ്കാരത്തിനെ ഭാഗമായിട്ടില്ല, പൂര്‍ണ്ണമായും ഇന്ത്യനായി ജീവിക്കുന്ന ഒരാള്‍ സ്ത്രീകള്‍ ജീന്‍സ് ഇടുന്നതിനേക്കാള്‍ നല്ലത് മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എന്ന് അഭിപ്രായപ്പെടുന്നതില്‍ തെറ്റ് പറയാന്‍ ഒക്കുമോ? അദ്ദേഹത്തിന്‍റെ അഭിപ്രായം സ്വീകരിച്ചു ജീന്‍സ് ഉപേക്ഷിക്കാനൊന്നും ആരും ആരോടും ആവശ്യപ്പെടാന്‍ സാധ്യത ഇല്ല. അതു കേട്ട് മലയാളിമങ്കകള്‍ ജീന്‍സ് ഉപേക്ഷിക്കാനും പോകുന്നില്ല. പിന്നെ എന്തിനാണീ കോലാഹലം?
ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഫെയിസ്ബുക്ക് ട്വിറ്റെര്‍ പടയാളികള്‍ യേശുദാസിന്‍റെ വീട്ടിലെ സ്ത്രീകള്‍ ജീന്‍സ് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വര്‍ദ്ധിച്ച ആവേശത്തോടെ പോസ്റ്റു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരാളെ വിമര്‍ശിച്ചു പരാജയപ്പെടുത്തുവാന്‍ ഏതറ്റം വരെ പോകാനും മലയാളി തയ്യാറാണ് എന്ന് നമ്മള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. വീട്ടിലെ കാരണവന്മാര്‍ പറയുന്നത് പോലെ വസ്ത്രം ധരിക്കുന്ന ശീലം നമ്മള്‍ പുരോഗമനവാദികളായ മലയാളികള്‍ക്ക് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? അങ്ങിനെ ഒക്കെ ചെയ്‌താല്‍ നമ്മുടെ അഭിമാനം വ്രണപ്പെട്ടു പോകില്ലേ? അയ്യേ! മുതിര്‍ന്നവരെ അനുസരിക്കുകയോ? ഛെ!
ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ സൂപ്പര്‍മാന്‍റെ പാത പിന്തുടര്‍ന്നു അടിവസ്ത്രം പാന്റിന് മുകളില്‍ ധരിക്കാനും നമ്മള്‍ തയ്യാറാവും. അന്നും യേശുദാസിനെ പോലെ ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍ നമ്മള്‍ ശക്തി ആയി പ്രതിഷേധിക്കും. അയാളുടെ കൊച്ചുമോന്‍ അല്ലെങ്കില്‍ കൊച്ചുമോള്‍ ആ വേഷം ധരിച്ചു നില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ ഇട്ട് ‘ആദ്യം വീട്ടുകാരെ നന്നാക്കൂ, പിന്നെ നാട് നന്നാക്കിയാല്‍ മതി’ എന്ന് ഗര്‍ജിക്കും.
ഇനി ഒന്നു കണ്ണാടിയില്‍ നോക്കാം! വീട്ടിലെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ച് പുറത്തിറങ്ങുമ്പോള്‍, നിങ്ങളുടെ ഭാര്യയോ മകളോ ആരുമായിക്കൊള്ളട്ടെ, ‘എന്താ ഈ കുട്ടിക്ക് ഇത്തിരി മാന്യതയുള്ള എന്തെങ്കിലും ധരിച്ചു പുറത്തിറങ്ങിക്കൂടെ?’ എന്ന് ചോദിക്കുന്ന കാരണവരുടെയോ അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കരണത്ത് രണ്ടു പൊട്ടിക്കാന്‍ ധൈര്യം ഉള്ളവന്‍ മാത്രം എഴുപത്തിനാല് വയസുള്ള ദാസേട്ടനെ വിമര്‍ശിച്ചാല്‍ മതി.
—————————————–
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളല്ല!