ജീന്‍സിലെ സദാചാരം..

0

ഏവരുടെയും ആദരണീയനായ ശ്രീ യേശുദാസിന്‍റെ ജീന്‍സുവിശേഷവും അതിനുശേഷം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ദേശീയ-അന്തര്‍ദേശീയ മാധ്യമക്കസര്‍ത്തുകളും ചൂടപ്പം പോലെ വിറ്റഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ..

ഭാരതത്തിലും, ലോകത്തിലാകെത്തന്നെയും, മാറ്റങ്ങളെ മാതൃകാപരമായ രീതിയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളവരല്ലേ മലയാളികള്‍? അത് സംസ്കാരമായാലും,  ഭാഷയായാലും, ഭക്ഷണമായാലും, വസ്ത്രധാരണ രീതിയായാലും! എല്ലാത്തിനെയും, അതിന്‍റെ നല്ല വശങ്ങള്‍ അറിഞ്ഞുകൊണ്ട്, അല്ലാത്തവ തിരസ്കരിച്ചുകൊണ്ട്, സ്വായത്തമാക്കി വിജയം വരിച്ചവരാണ്, നമ്മള്‍ മലയാളികള്‍. കേരളത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ അറിയാന്‍ കഴിയുന്നവയാണ്.

വസ്ത്രധാരണം മാത്രം ഒരുദാഹരണത്തിനെടുക്കാം. കാലഭേദങ്ങള്‍ക്കനുസരിച്ച് ധരിക്കുന്ന വസ്ത്രങ്ങളിലും ധാരണരീതിയിലും  അനുയോജ്യമായ മാറ്റങ്ങള്‍ നമ്മള്‍ മലയാളികള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് നാം സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ധരിക്കുന്ന പല വസ്ത്രങ്ങളും അങ്ങനെ വന്ന മാറ്റങ്ങളുടെ ഉദാഹരണങ്ങളാണ്. കുറച്ച്കാലം മുന്‍പ് വരെ ഈ മാറ്റങ്ങളെ നാം നിഷേധാത്മകമായി കണ്ടിരുന്നില്ല. പക്ഷെ, കുറച്ചു കാലങ്ങളായി, നമ്മുടെ പ്രവണതകളില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നില്ലേ?

ഇവിടെ ഇപ്പോഴത്തെ പ്രശ്നം സ്ത്രീകളുടെ വസ്ത്രങ്ങളും ധാരണരീതികളുമാണ്! ഒരു കൂട്ടം വാദിക്കുന്നത്, അവ സദാചാരനീതിയ്ക്ക് നിരക്കാത്തതെന്നാണ്! മേല്‍പ്പറഞ്ഞ "കൂട്ട"ത്തില്‍ പല മേഖലകളിലുമുള്ള വിവരവും വിദ്യാഭ്യാസവുമുള്ള സമൂഹത്തില്‍ മാന്യന്മാരായി വര്‍ത്തിക്കുന്ന ബുദ്ധിജീവികളടക്കം ഉണ്ടെന്നുള്ളതാണ് വസ്തുത! സദാചാരബോധം മാത്രമല്ല, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും കാരണം അവരുടെ വസ്ത്രധാരണരീതി മാത്രമാണെന്ന് അവര്‍ ഘോരഘോരം വാദിക്കുന്നു! ഏറ്റവുമൊടുവില്‍. നമ്മുടെ ഗാന "ഗന്ധര്‍വ" നില്‍ നിന്നും…അതേ പല്ലവി…."ജീന്‍സ് ധരിച്ച്, പെണ്ണുങ്ങള്‍ കാണുന്നവരുടെ മനസ്സില്‍ ഒരുമാതിരി "ലത്" ഉണ്ടാക്കരുതെന്ന്"…

ഞെട്ടിക്കുന്ന കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്. ഓരോ അര മണിക്കൂറിലും, ഭാരതത്തില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്! ഇതൊന്നും അവര്‍ "ജീന്‍സ്" ധരിച്ചിട്ടോ, ശരീര പ്രദര്‍ശനം നടത്തി അഴിഞ്ഞാടിയിട്ടോ അല്ല നടക്കുന്നത്! ഒരു പക്ഷേ, അതില്‍ സിംഹഭാഗവും ജീന്‍സ് എന്താണെന്ന് പോലും അറിയാത്തവരായിരിക്കും!  അപ്പോള്‍ ഒരു കാര്യം വ്യക്തമല്ലേ? "ഗന്ധര്‍വന്‍" പറഞ്ഞത് പോലെ, ധരിക്കുന്ന വസ്ത്രങ്ങല്‍ക്കടിയിലുള്ള "ലത്" സ്വപ്നം കണ്ടിട്ടൊന്നുമല്ല, ഈ അതിക്രമങ്ങളൊക്കെ നടക്കുന്നത്! സൂക്കേട്‌ വേറെയാണ്!

സംഭവം നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ്! സ്ത്രീകള്‍ മുണ്ടും നേര്യതും, കച്ചയും, ഒറ്റമുണ്ടും ധരിച്ച് നടന്നിരുന്ന കാലത്തുപോലും കേട്ടുകേള്‍വിയില്ലാതിരുന്ന പീഡനങ്ങളും അതിക്രമങ്ങളും, മനുഷ്യര്‍ സാങ്കേതികത്തികവ് നേടിയ ഈ കാലത്ത് നിര്‍ബാധം നടക്കുമ്പോള്‍, നമുക്ക് നഷ്ടമായത് "മനുഷ്യത്വം" ആണെന്ന് നമ്മളോര്‍ക്കണം!

അച്ഛന്മാരാലും, സഹോദരന്മാരാലും, ബന്ധുക്കളാലും, അയല്പക്കക്കാരാലും, അപരിചിതന്മാരാലും, സ്ത്രീകളുടെ മാനം കവരപ്പെടുന്നത് ആര്‍ഷഭാരതത്തില്‍ മാത്രമാണ്. കെട്ടുകഥകളിലെ "ഗന്ധര്‍വന്റെ" കണ്ണുകൊണ്ട് നോക്കിയാല്‍, "ജീന്‍സ്" മാത്രമല്ല, പെണ്ണുങ്ങള്‍ ഏതു വസ്ത്രം ധരിച്ചാലും, അവള്‍ ബലാല്‍സംഗം ചെയ്യപ്പെടും! ഈ കണ്ണും വെച്ചു മറ്റു രാജ്യങ്ങളില്‍ വല്ലതും ചെയ്‌താല്‍ സൂക്കേട്‌ മാറിക്കിട്ടുമെന്ന് ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും നന്നായറിയാം.
 
ഇത്രയും കാലം പടിഞ്ഞാറന്‍ കാറ്റേറ്റു ജീവിച്ച് ഈ ഡയമണ്ട് ജൂബിലി അടുക്കുമ്പോള്‍ ഇങ്ങനെയുള്ള പുളകിത മുകുളങ്ങള്‍ വിടരാന്‍ എന്താണാവോ, കാരണം??

ഇങ്ങനെ കുറെ "ഗന്ധര്‍വന്മാര്‍" ദൈവത്തിന്റെ സ്വന്തം നാട്ടിലേ കാണൂ , എന്‍റെ പൊന്നേ…….  

—————————————–
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളല്ല!