സിംഗപ്പൂരില്‍ നേഴ്സുമാര്‍ക്ക് വന്‍തൊഴിലവസരത്തിന് വഴിയൊരുങ്ങുന്നു , കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും

0

സിംഗപ്പൂര്‍ : ഇന്ത്യയിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഏകദേശ ധാരണയായി.ഇതോടെ ഇന്ത്യയില്‍ പഠിച്ച നേഴ്സുമാര്‍ക്ക് സിംഗപ്പൂരില്‍ എളുപ്പത്തില്‍ ജോലി ലഭിക്കാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്.കരാറിന്റെ ഗുണം ലഭിക്കുന്നത് കൂടുതലും മലയാളികള്‍ക്കായിരിക്കും എന്നതില്‍ തര്‍ക്കമില്ല . നമ്മുടെ നഴ്‌സുമാര്‍ക്ക് വളരെ ഡിമാന്‍ഡുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിംഗപ്പൂരുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നുമാണ് വ്യാപാരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ ജെ.എസ് ദീപക്  പറയുന്നത്.
 
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സിംഗപ്പൂരില്‍ അംഗീകാരം ലഭിക്കും.ഇതോടെ സിംഗപ്പൂരില്‍ ജോലി ലഭിക്കുക എന്നത് കൂടുതല്‍ എളുപ്പമാകും.സിംഗപ്പൂരിലെ മെഡിക്കല്‍ സാഹചര്യം കൂടെ പരിഗണിച്ച ശേഷം ഇവിടുത്ത കോഴ്സുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും .കരാര്‍ നിലവില്‍ വരുന്ന മുറയ്ക്ക് സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള ജോലി സാധ്യത വര്‍ധിക്കും.ജപ്പാന്‍ ,സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുമായും കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.അടുത്ത വര്‍ഷത്തോടെ അന്തിമതീരുമാനമാകും എന്നാണ് വിലയിരുത്തുന്നത് .