അസമിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ആശാവഹമായ കാര്യമല്ല. നമ്മുടെ നാടിൻ്റെ യശസ്സിനും അഭിമാനത്തിനും അസമിലെ സംഭവ വികാസങ്ങൾ തീരാകളങ്കമായി മാറിത്തീരുകയാണ്. നാടിൻ്റെ ബഹുസ്വരതയെ തകർക്കുന്ന ഫാഷിസ്റ്റ് സമീപനത്തിൻ്റെ ദു:ഖകരമായ ദൃഷ്ടാന്തങ്ങളാണ് അസമിൽ നിന്നുള്ള വാർത്തകളായി ലോകം അറിയുന്നത്. എന്തിനാണ് അസമിൽ ഈ ഭീകരത അരങ്ങേറുന്നത്? പൗരത്വ ഭേദഗതി ബില്ലിൻ്റെ നാളുകളിൽ നാം സംശയിച്ചതെല്ലാം ഭീതിദമായ യാഥാർത്ഥ്യമായി മാറിത്തീരുകയാണോ എന്ന് സംശയിക്കാനുള്ള സാഹചര്യമാണ് അസമിൻ്റെ വർത്തമാന രാഷ്ടീയ അവസ്ഥയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.ഭരണകൂട ഭീകരത മാത്രമല്ല, വംശീയ വിദ്വേഷത്തിൻ്റെ പാതകങ്ങൾ കൂടി ഇവിടെ വ്യക്തമായി പ്രകടമാകുകയാണ്. അസമിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ നമുക്ക് നൽകുന്ന സന്ദേശം അത് തന്നെയാണ്.
പോലീസ് ഭീകരതയുടെ ഫലമായി വെടിയേറ്റ് മരിച്ച ഒരു സാധാരണ മനുഷ്യൻ്റെ ചേതനയറ്റ ശരീരത്തിൽ ചവിട്ടി നൃത്തം ചെയ്യുന്ന ഫോട്ടോഗ്രാഫറുടെ മാനസിക അവസ്ഥ പഴയ ഈദി അമീനിൻ്റെ രാക്ഷസീയ തനിയാവർത്തനമായിട്ടാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക എന്ന കാര്യത്തിൽ സംശയമില്ല. ഭരണാധികാരികളുടെ പിടിപ്പില്ലായ്മ കൊണ്ടും, രാഷ്ട്രീയ കാരണങ്ങളാലും ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന ഒരു ജനതയെ വീണ്ടും കൊല്ലാക്കൊല നടത്തുന്നത് തികച്ചും മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ നടപടികൾ തന്നെയാണ്.
അത് നമ്മുടെ നാടിൻ്റെ പൈതൃകത്തിനും സംസ്കാരത്തിനും ചേർന്നതുമല്ലെന്ന കാര്യത്തിൽ സംശയില്ല. വ്രണിതമായ മനസ്സുമായി കഴിയുന്ന, കാലങ്ങളായി ദുരന്തങ്ങൾ മാത്രം എറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ നേർക്കുള്ള മൃഗീയമായ ക്രുരതകൾ ആവർത്തിക്കുമ്പോൾ നിസ്സംഗരായ കാഴ്ചക്കാരായി മാറി നിൽക്കാൻ ഒരു സമൂഹത്തിനും സാധിക്കുകയില്ല. അവരെ കലാപത്തിൻ്റെ പാതയിലേക്ക് നയിക്കാൻ പുതിയ സംഭവ വികാസങ്ങൾ കാരണമായിത്തീർന്നേക്കും.
” പാതകങ്ങൾ മഴ പോലെ വർഷിക്കുമ്പോൾ നിർത്തൂ എന്ന് പറയാൻ ഇവിടെ ആരും തന്നെയില്ലേ ?” എന്ന് ചോദിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.”