മനോഹരം

0

ഇന്നലെയായിരുന്നു മനോഹരന്റെ യാത്രയയപ്പ്. എന്നോട് ആരും പറഞ്ഞിരുന്നില്ല.
എങ്കിലും ഞാൻ പോയി.
ഒരാഴ്ച മുമ്പാണ് ഞാൻ ഈ വിവരം അറിഞ്ഞത്.
അപ്പോൾ ഞാൻ നാരാണനോട്‌ ചോദിച്ചു.
‘‘എടോ, ഈ കേൾക്കുന്നത് ശരിയാണോ? ഇയാൾ കണ്ണൂർ വിട്ട് എറണാകുളത്തേക്ക്
സ്ഥിരതാമസത്തിന്‌ പോവുകയാണോ‐? പിന്നെ ഈ യാത്രയയപ്പ്‐  അതിനെപ്പറ്റി
എേന്നാടൊന്നും പറഞ്ഞിട്ടില്ല. നിങ്ങളോട് പറഞ്ഞോ?’’
അപ്പോൾ നാരാണൻ പറഞ്ഞു.
‘‘എറണാകുളത്തേക്ക്‌  താമസം മാറ്റുന്നതിനെപ്പറ്റി കൃത്യമായൊന്നും
പറഞ്ഞിട്ടില്ല. എന്നാൽ അങ്ങനെ സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടുകയുമില്ല.
നിങ്ങൾക്കും അറിയാമല്ലോ, അച്ഛൻ മരിച്ചതിനുശേഷം മനോഹരൻ ഇവിടെ
തറവാട്ടുവീട്ടിൽ ഒറ്റയ്‌ക്കാണെന്ന്. മകളും ഭർത്താവും എറണാകുളത്ത്.
രണ്ടുപേർക്കും നല്ല ജോലിയാണ്. മകളുടെ കുട്ടിക്ക് രണ്ടുവയസ്സേ
ആയിട്ടുള്ളൂ. ഇതുകൊണ്ടൊക്കെയാണ് മനോഹരന്റെ ഭാര്യ  മകളുടെ കൂടെ പോയത്.
കൊച്ചുമകളെന്നുവച്ചാൽ മനോഹരന്‌ ജീവനാണ്‌. കുട്ടിക്കും അങ്ങനെതന്നെ.അവളെ
പിരിഞ്ഞിരിക്കുന്നത് മനോഹരന് ഏറെ വിഷമമാണ്. അതുകൊണ്ടാണ് ഇടയ്ക്കിടെ
ഇവിടെനിന്ന് മുങ്ങുന്നത്‌.
എറണാകുളത്ത് രണ്ടോ മൂന്നോ ദിവസം താമസിച്ചതിനുശേഷം ഇങ്ങോട്ടും വരും. ഇവിടെ
കക്ഷിക്ക്‌ നൂറുകൂട്ടം കമ്മിറ്റ്മെന്റുകളുണ്ടല്ലോ. തുടർച്ചയായുള്ള
യാത്രകൾ ഒഴിവാക്കി എറണാകുളത്ത് സ്ഥിരമായി താമസിക്കാൻ മകളും ഭർത്താവും
നിർബന്ധിക്കാൻ തുടങ്ങിയിട്ട്‌ കുറച്ചായെന്ന് എനിക്കറിയാം.
ഇതൊക്കെകൊണ്ടായിരിക്കാം…..’’
ഇങ്ങനെ പറഞ്ഞ്‌ നാരാണൻ നിർത്തി. പിന്നീട് അൽപനേരത്തെ മൗനത്തിനുശേഷം ഒരു
ചെറുപുഞ്ചിരിയോടെതുടർന്നു‐
‘‘പിന്നെ, നിങ്ങളെന്താ പറഞ്ഞത്, ഈ യാത്രയയപ്പിനെപ്പറ്റി നിങ്ങളോടൊന്നും
പറഞ്ഞിട്ടില്ലെന്നോ? എന്നെപ്പോലെ തന്നെ നിങ്ങളും മനോഹരനെ കാണാൻ
തുടങ്ങിയിട്ട്‌ കാലം കുറച്ചായില്ലേ? തന്നെ സംബന്ധിക്കുന്ന എന്തെങ്കിലും
കാര്യങ്ങൾ ആരോടെങ്കിലും അയാൾ പറയുന്നത്‌ നിങ്ങൾ കേട്ടിട്ടുണ്ടോ‐?
ഉണ്ടാകില്ല: കാരണം അയാൾ ഒരിക്കലും അങ്ങനെയൊന്നും പറയുകയില്ല എന്നതുതന്നെ.
തന്നെ സംബന്ധിക്കുന്ന ഏറ്റവും നല്ല കാര്യമായാൽപോലും. ഓർമയല്ലേ, ‘മനോരമ’
വാരാന്തപ്പതിപ്പിൽ വന്ന ഒരു കഥയെപ്പറ്റി നിങ്ങൾ ആവേശപൂർവം  പറയാൻ
തുടങ്ങിയപ്പോൾ അത്‌ നമ്മുടെ മനോഹരൻ എഴുതിയതാണ്‌ എന്ന്‌ ഞാൻ പറഞ്ഞതും,
വിശ്വാസം വരാതെ അത്ഭുതത്തോടെ ‘നമ്മുടെ മനോഹരനോ?’ എന്നു നിങ്ങൾ
ചോദിച്ചതും? സുഹൃത്തേ, അതാണ് മനോഹരൻ! വളരെ ചുരുക്കമായേ എഴുതാറുള്ളൂ.
പക്ഷേ എഴുതുന്നതൊക്കെ വളരെ നല്ലതാണുതാനും. നല്ലതാവാതെ വയ്യല്ലോ‐!
പൂർണമായുംആത്മാവിൽ തൊട്ട കാര്യങ്ങളെക്കുറിച്ചല്ലേ എഴുതുന്നത്? അതും
എപ്പോഴെങ്കിലും!’’
ഞാൻ എല്ലാം േകട്ടുനിൽക്കുക മാത്രം ചെയ്തു.
അതൊക്കെ ശരിയാണെന്ന് എനിക്കും അറിയാമല്ലോ. നാരാണന്റെ അത്ര പരിചയമോ
അടുപ്പമോ ഇല്ലെങ്കിലും.
എന്നാലും ഞാനും കുറച്ചു കൊല്ലമായല്ലോ കാണാൻ തുടങ്ങിയിട്ട്.
യാത്രയയപ്പിന് ഞാൻ പോയത് തനിച്ചായിരുന്നു. രാമചന്ദ്രന്റെ ഓട്ടോയിൽ.
വീടിന് അടുത്താണ് മീറ്റിങ്ങ് എന്നു കേട്ടിരുന്നു.  മനോഹരന്റെ അച്ഛൻ
മരിച്ചപ്പോൾ ഞാൻ വീട്ടിൽപോയിരുന്നു. ട ൗണിൽനിന്ന് വളരെ
അകലെയൊന്നുമല്ലെങ്കിലും ഒരു തനി നാടൻ പ്രദേശം‐ വിശാലമായ പറമ്പുകൾ,
വയലുകൾ, വാഹനങ്ങൾക്ക്‌ കടന്നുപോകാൻ കഴിയാത്ത ഇടവഴികൾ…
വീടെത്താറാകുമ്പോൾ വലിയ ബോർഡ്‌ കണ്ടു. മനോഹരന്റെ ചിത്രമുള്ള ബോർഡുകൾ.
യോഗസ്ഥലത്തേക്കുള്ളവഴിയുടെ ഇരുവശത്തുംകൊടിതോരണങ്ങളുണ്ടായിരുന്നു.
അവിടെെയത്തിയപ്പോൾ സത്യത്തിൽ എന്റെ കണ്ണുതള്ളിപ്പോയി. ഞാൻ
പ്രതീക്ഷിച്ചത്കുറച്ചാളുകൾ മാത്രംപങ്കെടുക്കുന്ന, തീർത്തും ഔപചാരികമായ
ഒരു യോഗമായിരുന്നു. പക്ഷേ ഇത്……!
ഒരു മനുഷ്യക്കടൽ തന്നെ.
അടുത്തടുത്തുള്ള വലിയ രണ്ടു പറമ്പുകൾ വൃത്തിയാക്കി, അവിടം മുഴുവൻ
പ്ലാസ്റ്റിക്ക്‌ കസേരകൾ നിരത്തി…..
യോഗത്തിനെത്തിയ ആളുകളാണെങ്കിൽ, കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ.
സ്ത്രീകളും പുരുഷന്മാരും.
മുഴുവൻസീറ്റിലും ആളുകളുണ്ടായിരുന്നു. എന്നെ അമ്പരപ്പിച്ച മറ്റൊരുകാര്യം
അവിടുന്നെ പരിപണൂർണ നിശബ്ദതയായിരുന്നു. കുട്ടികൾ പോലും
ശബ്ദമുണ്ടാക്കിയിരുന്നില്ല. എല്ലാവരുടെയും മുഖത്ത് ദു:ഖഭാവമായിരുന്നു.
എന്തോ വലിയ ഒരാപത്ത്‌ സംഭവിച്ചതു പോലെയായിരുന്നു.
ഏറ്റവും പിറകിലായി, ആരുടെയും ശ്രദ്ധയിൽ പെ ടതെ ഞാൻ നിന്നു.
സ്റ്റേജിന്റെ അരികിലായി നാരാണനും ഭാരവാഹികളുമുണ്ടായിരുന്നു.
അവരുടെയൊന്നും കണ്ണിപെടരുതെന്നായിരുന്നു എന്റെ ആഗ്രഹം.
മനോഹരനെ ആ പുരുഷാരത്തിലൊന്നും ഞാൻ കണ്ടില്ല.
അവിടെ അങ്ങനെ തനിച്ചുനിന്നപ്പോൾ മനോഹരനെ ആദ്യം കണ്ട രംഗം ഞാൻ ഒാർത്തുപോയി.
കൊച്ചിയിലെ എന്റെ താമസം മതിയാക്കി കണ്ണൂരിലേക്ക്‌ എത്തിയ
ആദ്യനാളുകളിലൊന്നിലായിരിക്കണം.
ഒരാവശ്യത്തിനായി സ്റ്റേറ്റ് ബാങ്കിൽ പോകേണ്ടിവന്നു. ഒപ്പം
രാമചന്ദ്രനുമുണ്ടായിരുന്നു. പണ്ട്കണ്ട സ്റ്റേറ്റ്
ബാങ്കൊന്നുമായിരുന്നില്ല. ഏറ്റവും ആധുനിക സൗകര്യങ്ങളുള്ളതും പണൂർണമായും
ശീതീകരിച്ചതും.
 വാതിൽക്കലുള്ള ഉേദ്യാഗസ്ഥനോട് എന്റെ ആവശ്യം അറിയിച്ചപ്പോൾ അയാൾ ആ
വകുപ്പിലെ ഓഫീസറുടെ ക്യാമ്പിനിലേക്ക് കൈ ചൂണ്ടിക്കാണിച്ചു. ക്യാമ്പിൻ
വളരെ മനോഹരമായി ഫർണിഷ്ചെയ്തതായിരുന്നു. ഓഫീസറാണെങ്കിൽ ചെറുപ്പക്കാരനായഒരു
സുന്ദരക്കുട്ടപ്പനും.
ഞങ്ങൾ ചെല്ലുമ്പോൾ ഓഫീസർഅയാളുടെ മുന്നിൽ ഇരുന്നിരുന്ന മറ്റൊരു
ചെറുപ്പക്കാരനുമായി വളരെ സന്തോഷത്തിൽ എന്തൊക്കെയോ
പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ട ഭാവമേ
അയാൾക്കുണ്ടായിരുന്നില്ല. ഞങ്ങളോട് ഇരിക്കാനും പറഞ്ഞില്ല. കാൽകഴയ്ക്കാൻ
തുടങ്ങിയപ്പോൾ ക്ഷീണിതനായതിനാൽ ഞാൻ രാമചന്ദ്രന്റെ തോളിൽ ബലമായി പിടിച്ചു
നിന്നു……
ഒടുവിൽ, തന്റെ ചങ്ങാതി സംഭാഷണം മതിയാക്കി പോയതിനുശേഷവും ഞങ്ങളോടൊന്നും
ചോദിക്കാതെ ഓഫീസർ ഫോണെടുത്ത്‌  ആരോടെ സംസാരിക്കാൻ തുടങ്ങി.
അപ്പോൾ എന്റെ എല്ലാ ക്ഷമയും കെട്ടു.
ഞാൻ അൽപം കടുപ്പത്തിൽ തന്നെ പറഞ്ഞു:
‘‘സാറേ, ഞാൻ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട്കുറച്ച് ഏറെ നേരമായി.
നിങ്ങളാണെങ്കിൽ നിങ്ങളുടെ ചങ്ങാതിയുമായി ‘കിസ്സ’പറഞ്ഞ്
രസിക്കുകയായിരുന്നു.
ജോലി സമയമാണ്‐ ഞാനാണെങ്കിൽ പ്രായം ചെന്നവനും രോഗിയുമാണ്. നിങ്ങൾ എന്നോട്‌
ഒന്ന്‌ ഇരിക്കാൻ പറഞ്ഞോ‐? ഈ ക്യാമ്പിനിലെ കസേരകൾ ആർക്ക് ഉപയോഗിക്കാൻ
വേണ്ടിയുള്ളതാണ്‌? ഇന്ത്യ ഗവൺമെന്റിന്റെ ഒരു സ്ഥാപനത്തിൽ സാമാന്യം ഉയർന്ന
ഒരു പദവിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളവനാണ് ഞാൻ. എന്റെയടുക്കൽ
വന്നവരോട് ഞാൻ ഇങ്ങനെ ഒരിക്കലും പെരുമാറിയിട്ടില്ല. നിങ്ങളുടെ ഒരു
കസ്്റ്റമറാണ് ഞാൻ. ആ നിലയിലുള്ള എന്റെ ഒരാവശ്യവുമായിട്ടാണ് ഞാൻ ഇവിടെ
വന്നത്. ആ എന്നോട്…….’’
ചെറുപ്പക്കാരനായ ഓഫീസർ അപ്പോൾ എന്നെ രൂക്ഷമായി നോക്കി. എന്നിട്ട്‌
കടുപ്പിച്ച സ്വരത്തിൽ ചോദിച്ചു:
‘‘നിങ്ങൾക്കെന്താ വേണ്ടത്‐ ?’’
ഞാൻ എന്റെ ആവശ്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു:
‘‘ അത് ഇവിടെയല്ല‐’’
എന്നിട്  തന്റെ േദഷ്യം ഒട്ടും മറച്ചുവയ്‌ക്കാതെ വെളിയിൽ എവിടെയോ കൈ ചൂണ്ടി.
പുറത്തിറങ്ങിയ ഞങ്ങൾ ആ കാട്ടിൽ ഇനി എവിടെയാണ്പോകേണ്ടത് എന്നറിയാതെ പകച്ചു
നിന്നപ്പോൾ മധുരമായ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ വന്നു ചോദിച്ചു:
‘‘എന്താ വേണ്ടത്? ഞാൻ ഇവിടത്തെ തന്നെ ഒരു ജോലിക്കാരനാണ്…’’.
ഞാൻ എന്റെ ആവശ്യം വിവരിച്ചു കൊടുത്തപ്പോൾ അയാൾ പറഞ്ഞു:
‘‘എന്റെ കൂടെ വരൂ.’’
 എന്നിട്ട് മറ്റൊരു ക്യാമ്പിനിലിരിക്കുന്ന ഓഫീസറുടെ അടുക്കലേക്ക് ഞങ്ങളെ
കൂട്ടിക്കൊണ്ടുപോയി.
ഈ ഓഫീസർ മനുഷ്യപ്പറ്റുള്ള ഒരാളായിരുന്നു. ഇദ്ദേഹം വളരെ വേഗത്തിൽ തന്നെ
എന്റെ ആവശ്യം നിർവഹിച്ചു തന്നു.
നന്ദി പറഞ്ഞുകൊണ്ട്പോരുമ്പോൾ ആദ്യത്തെചെറുപ്പക്കാരനായ ഓഫീസറുടെ
അടുക്കൽനിന്ന് എനിക്കുണ്ടായഅനുഭവം കൂടി പറയാതിരിക്കാൻ കഴിഞ്ഞില്ല.
അേപ്പാൾ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു:
‘‘മറന്നുകള. സാറ്‌ ലോകം കണ്ട, വലിയ അനുഭവങ്ങളുള്ള ഒരാളാണ്. മനുഷ്യർ
പലതരത്തിലല്ലേ…? എന്റെ കൊളീഗിനുവേണ്ടി ഞാൻ മാപ്പുചോദിക്കുന്നു….’’
ഞാൻ അപ്പോൾ വല്ലാതായി.
പോരുമ്പോൾ ഞങ്ങളെ ഈ ഓഫീസറുടെ അടുക്കൽ കൂട്ടിക്ക്യക്കൊണ്ടുപോയ ആ
ചെറുപ്പക്കാരൻ പുറത്തേക്കുള്ള വാതിൽവരെ ഞങ്ങളെ അനുഗമിച്ചു. എന്നിട്ട്
രാമചന്ദ്രനോട് പറഞ്ഞു:
‘‘ എന്റെ പേര്‌ മനോഹരൻ.  ഇവിടെ എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. ’’
എന്നിട്ട് പല്ല് മുഴുവൻ വെളിയിൽ കാട്ടി മധുരമായി പുഞ്ചിരിച്ചുകൊണ്ട്
തന്റെ ഇരിപ്പിടത്തിലേക്ക്പോയി.
സ്വതവേ അധികമൊന്നും പറയാത്ത രാമചന്ദ്രൻ മനോഹരൻ പോയ വഴിയേ നോക്കി
അവിടെതന്നെനിന്നു. എന്നിട്ട്ഒരു നിശ്വാസത്തോടെ പറഞ്ഞു:
‘‘ഇപ്പഴത്തെകാലത്തും ഇങ്ങനെയൊക്കെയുള്ള ആളുകളൊക്കെ ഉണ്ടല്ലോ!’’
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ഞാനും അങ്ങനെയൊക്കെ വിചാരിക്കുന്നുണ്ടായിരുന്നു.
അന്നും അതിനുശേഷവും മനോഹരനുമായി അടുത്തബന്ധം പുലർത്താൻ തുടങ്ങിയശേഷവും ഈ
അടുത്തകാലത്തുപോലും ഞാൻ നാരാണാനോട് പറഞ്ഞു.:
‘‘എനിക്ക് ഈ മനോഹരനെ മനസ്സിലാകുന്നതേയില്ലല്ലോ! ’’
അപ്പോൾ നാരാണൻ:
‘‘എനിക്കും മനസ്സിലായിട്ടില്ല. ആർക്കും മനസ്സിലായിട്ടില്ല. പക്ഷേ ഒന്നു
ഞാൻ പറയാം‐ മനോഹരൻ ഒരു ഭൗതികവാദിയാണ്. പക്ഷേ അപ്പോഴും നമ്മുടെ പഴയ
ഋഷികളുടെ ആ വിശ്വാസമുണ്ടല്ലോ‐ ‘ഇദം ന: മമ’‐ ഒന്നും എന്റേതല്ല‐
ഒന്നാലോചിച്ചാൽ ഇതിൽ വലിയ വൈരുധ്യങ്ങളൊന്നുമില്ലതാനും. പിന്നെ,
നിങ്ങളറിയുമോ, അയാൾ ഈയിടെ വളന്ററി റിട്ടയർമെന്റ് എടുത്തു എന്ന്? ഞാനടക്കം
ആരോടും ഈ തീരമാനത്തെക്കുറിച്ച് മുൻകുട്ടി എന്തെങ്കിലും പറയുകയോ
ആലോചിക്കുകയോ ചെയ്‌തിരു ്ന്നില്ല. ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്കൂടുതൽ
പ്രവർത്തന സ്വാതന്ത്ര്യം‐ സമയവും‐ കിട്ടുമല്ലോ എന്നാണ്.
ബാങ്കിൽനിന്ന് രാജിവച്ചെങ്കിലും ഇപ്പോഴും അവിടെ ഇടയ്ക്കിടെ പോകാറുണ്ട്.
സ്വന്തം കാര്യങ്ങൾക്കുേവണ്ടിയല്ല,മറ്റുള്ളവർക്കുവേണ്ടി. അവിടെ മാനേജർ
മുതൽ ശിപായിവരെ എല്ലാവർക്കും അയാളെ വലിയ കാര്യമാണുതാനും.മനോഹരൻ പറഞ്ഞാൽ
ആരും ഒന്നും തള്ളിക്കളയുകയില്ല….’’
ഞാൻ അത്ഭുതത്തോടെ എല്ലാം കേട്ടുനിൽക്കുക മാത്രംചെയ്തു….
മീറ്റിങ്ങ് ആരംഭിച്ചുകഴിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷൻ.
അടുത്ത ഗ്രാമത്തിലെ പഞ്ചായത്ത് മുഖ്യൻ  ഉദ്‌ഘാടകൻ. പിന്നെ പാർടി
ഭാരവാഹികൾ, മനോഹരനെ ചെറുപ്പത്തിൽ പഠിപ്പിച്ച ചില അധ്യാപകർ.
ബാങ്ക്മെൻസ്അസോസിയേഷൻ ഭാരവാഹികൾ…..
പാർടി ഭാരവാഹികളുടെ പ്രസംഗം തീർത്തും അരോചകമായിരുന്നു. അവർ മാർക്സിനെയും
ഏംഗൽസിനെയും കമ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയെയും കുറിച്ച്‌ പറഞ്ഞപ്പോൾ
മനോഹരനെപ്പറ്റി പറയാൻ മറന്നുപോയി.
ഒടുവിലായിരുന്നു നാരാണന്റെ ഊഴം.
നാരാണൻ പറഞ്ഞു:
‘‘ഞാൻ യാത്രാമംഗളമൊന്നും നേരുന്നില്ല. കാരണം, എനിക്കറിയാം അദ്ദേഹത്തിനു
എറണാകുളത്ത് സ്ഥിരമായി താമസിക്കാനോന്നും കഴിയില്ല. ഈ കണ്ണൂരിനെ,
ഇവിടുത്തെ ആളുകളെ വിട്ടിട്ട്‌ അദ്ദേഹത്തിന് എവിടെ പോകാൻകഴിയും?
പഴയതുപോലെ, പോകലും വരവുമാണുണ്ടാവുക…..’’
സ്റ്റേജിൽ നിന്നിറങ്ങുന്നതിന്‌ മുമ്പായി നാരാണൻ പ്രസിഡന്റിന്റെ ചെവിയിൽ
എന്തോ മന്ത്രിക്കുന്നതു കണ്ടു.
അപ്പോൾ പ്രസിഡന്റ് ഏറെ ഭവ്യതയോടെ‐
‘‘സുഹൃത്തുക്കളേ, ഈ വലിയ സദസ്സിൽ എവിടെയോ മനോഹരന്റെ സുഹൃത്തായ പ്രശസ്ത
കഥാകൃത്ത് ടി പത്മനാഭനുണ്ട്. അദ്ദേഹത്തോട്‌ വേദിയിൽ വന്ന് തന്റെ
സുഹൃത്തിനെക്കുറിച്ച് രണ്ടു വാക്ക് പറയുവാൻ ഞാൻ അപേക്ഷിക്കുന്നു.’’
ഞാൻ വല്ലാതായി.
ഇത് പ്രതീക്ഷിച്ചതേയല്ലല്ലോ. ഒരുനിമിഷം സംശയിച്ചു നിന്നശേഷം ഞാൻ
രാമചന്ദ്രന്റെ കൈ  പിടിച്ച് പതുക്കെ സ്റ്റേജിലേക്ക്നടന്നു…..
അവിടെ, ആ വലിയ പുരുഷാരത്തെ നോക്കിനിന്നപ്പോൾ ആദ്യം എനിക്ക്
വാക്കുകളൊന്നും കിട്ടിയില്ല.
പക്ഷേ അത്ഒരു നിമിഷത്തേക്ക് മാത്രമായിരുന്നു. പിന്നീട് പറയാൻ തുടങ്ങി.
‘‘സുഹൃത്തുക്കളേ, ഞാൻ മാർക്സിനെയും ഏംഗൽസിനെയുമൊന്നും പഠിച്ചിട്ടില്ല.
ദാസ്‌ ക്യാപ്പിറ്റലും കമ്യൂണിസ്റ്റ്മാനിഫെസ്റ്റോയും വായിച്ചിട്ടുമില്ല.
പക്ഷേ എനിക്ക് ഈ മനുഷ്യനെ, നമ്മുടെയെല്ലാം അയൽക്കാരനായ ഈ മനുഷ്യനെ,
നമ്മളിൽ ആർക്കെങ്കിലും ഒരു വിഷമം വന്നാൽ രാ ഷ്ട്രീയമോ മതമോ ജാതിയോ
നോക്കാതെ, രാവെന്നോ പകലെന്നോ ഇല്ലാതെ സഹായവുമായി ഓടിവരുന്ന….. ’’
ഇത്രയും പറഞ്ഞപ്പോൾ എന്റെ കണ്ഠമിടറി. എനിക്ക്തുടരാനും കഴിഞ്ഞില്ല.
പക്ഷേ എല്ലാ ശക്തിയും സമാഹരിച്ച് ഞാൻ ഉറക്കെ പറഞ്ഞു:
‘‘എനിക്ക് അതുമതി …..അതുമതി….’’