ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയില്‍ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരയും പ്രതിയും ഉപയോഗിച്ച ഫോണ്‍ കണ്ടെത്തനായില്ല. മാനസിക ആഘാതത്തെ തുടര്‍ന്ന് പീഡനം നടന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിച്ചതായി ഇര മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
ആളൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. 2016 ല്‍ ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം മാനസിക ആഘാതത്തെ തുടര്‍ന്ന് കത്തിച്ചുകളഞ്ഞതായി ഇര മൊഴി നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ഇരയുടെ ഫോണും കണ്ടെത്തനായില്ല. അതിനാല്‍ കേസില്‍ മെഡിക്കല്‍, ഇലക്ട്രോണിക് തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രതിയായ സിസി ജോണ്‍സനോട് 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. ഫോണിന്റെ ഡിസ്പ്ലേ കേടായപ്പോള്‍ സഹോദരീപുത്രന് എഡ്വിന് കൈമാറിയെന്നാണ് ജോണ്സണ് നല്കിയ മൊഴി. ഡിസ്പ്ലേ ശരിയാക്കിയ ശേഷം എഡ്വിന് ലണ്ടനിലേക്ക് ഫോണ്‍ കൊണ്ടുപോയി. 2019 ല്‍ ലിവര്‍പൂളിലെ ഒരു കടയില്‍ ഈ ഫോണ്‍ നല്‍കിയശേഷം പുതിയ ഫോണ്‍ വാങ്ങി. അതിനാല്‍ തന്നെ ആ ഫോണ്‍ ഇനി ലഭിക്കാന്‍ ഇടയില്ലെന്നാണ് ജോണ്സന് അറിയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
ബലാത്സംഗം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്തെ ഇരയുടെയും പ്രതിയുടെയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്പനികളോട് അവശ്യപ്പെട്ടിട്ടുട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഒരു വര്‍ഷത്തിലധികം കോള്‍ ഡീറ്റെയില്‍സ് സൂക്ഷിക്കില്ലെന്നാണ് കമ്പനികള്‍ അന്വേഷണസംഘത്തെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.