ലോകത്ത് ഏറ്റവുമധികം പൊതുഅവധി ഇന്ത്യയില്‍,സിംഗപ്പൂരില്‍ 11 അവധികള്‍ മാത്രം

0
 
മുംബൈ : ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം പൊതു അവധികള്‍ ഉള്ളത് ഇന്ത്യയില്‍. ട്രാവല്‍ വെബ്‌സൈറ്റായ വീഗോ തയാറാക്കിയ പട്ടികയിലാണ് ഏറ്റവും കൂടുതല്‍ പൊതുഅവധികളുള്ള രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം 21 പൊതു അവധികളാണുള്ളത്. ഇന്ത്യയില്‍ പൊതു അവധിയ്ക്ക് പുറമെ സംസ്ഥാനങ്ങളില്‍ പ്രാദേശിക അവധിയും ഉണ്ട്.  ദേശീയ തലത്തിലുള്ള 21 പൊതു അവധികള്‍ക്ക് പുറമെയാണിത്.എന്നാല്‍ സിംഗപ്പൂര്‍ പോലുള്ള  പല വികസിത രാജ്യങ്ങളിലും  വെറും 11 ദിവസമോ അതിലും കുറവോ  പൊതുഅവധികള്‍ മാത്രമാണ്നല്‍കുന്നത്.
 
18 അവധി ദിനങ്ങളുമായി ഫിലിപ്പെന്‍സാണ് രണ്ടാം സ്ഥാനത്ത്.ഹോങ്കോങ്ങും ചൈനയുമാണ് 17 അവധികളുമായി മൂന്നാം സ്ഥാനത്ത്. തായ്‌ലാന്റ് 16 അവധി, മലേഷ്യയില്‍ 15ഉം, വിയറ്റ്‌നാമില്‍ 14, തായ് വാനിലും ദക്ഷിണകൊറിയയിലും 13, സിംഗപ്പൂര്‍ 11, ഓസ്‌ട്രേലിയ 10 എന്നിങ്ങനെ നീളുന്നു പട്ടിക
 
ഏറ്റവും അവധി കുറവുള്ളത് മെക്‌സിക്കോയിലാണ്. ഇവിടെ ഏഴ് പൊതുഅവധി ദിനങ്ങള്‍ മാത്രമാണുള്ളത്. പക്ഷെ തൊഴില്‍ ഉടമയുടെ താല്‍പര്യം അനുസരിച്ച് 'ഓപ്ഷണല്‍ ലീവിനുള്ള' അനുമതി മെക്‌സിക്കന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതു അവധി വളരെ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. പൊതു അവധിക്ക് പകരം പേഴ്‌സണല്‍ ലീവുകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും താല്‍പ്പര്യം.