പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സ് ഉജ്വലമായ വിജയം നേടി കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ഷോക്ക് ട്രീറ്റ്മെൻറ് നൽകിയിരിക്കുകയാണ്.
മോദിയും അമിത് ഷായും ബി.ജെ.പിയും പ്രതീക്ഷിച്ചതും പ്രഖ്യാപിച്ചതും ഭവാനിപ്പൂർ മമതയുടെ വാട്ടർ ലൂ ആകുമെന്ന് തന്നെയായിരുന്നു. ജനാധിപത്യത്തിൻ്റെ ചാലകശക്തികൾ ജനങ്ങളാണെന്നും ആര് എവിടെയിരിക്കണമെന്ന് തീരുമാനിക്കേണ്ടതും ഇതേ പൊതു ജനം തന്നെയാണെന്നും അധികാരത്തിൽ ഉന്മത്തരായ ബി.ജെ.പി നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.
ഇന്ദ്രപ്രസ്ഥത്തിൽ ഇനിയാര് വരേണ്ടതുണ്ട് എന്നതിൻ്റെ സൂചനകളാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ബംഗാളിലെ സി പി എം ൻ്റെ പരിതാപകരമായ അവസ്ഥ കൂടി തെരഞ്ഞെടുപ്പ് ഫലം വരച്ച് കാട്ടുന്നുണ്ട്. 58389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മമതാ ബാനർജി എന്ന ജന നേതാവ് ജയം ആഘോഷിക്കുമ്പോൾ മുപ്പത് വർഷം ഭരണത്തിലിരുന്ന സി പി എം നേടിയ വോട്ടിൻ്റെ എണ്ണം കാണിക്കുന്നത് ആ രാഷ്ടീയ കക്ഷിയുടെ ദയനീയമായ പതനം തന്നെയാണ്.
മുഖ്യശത്രുവിനെ ഇനിയും തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന രാഷ്ടീയ നേതൃത്വം എങ്ങിനെയാണ് ഭാരതത്തിൻ്റെ ഭാവി ഭരണത്തിൻ്റെ നിയാമക ശക്തിയായി മാറിത്തീരാൻ പോകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’ വർത്തമാന ഭാരതം ആവശ്യപ്പെടുന്നത് ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യ ശക്തികളുടെ ഏകീകരണം തന്നെയാണ്. തീർച്ചയായും മോദിയും ബി.ജെ.പി.യും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.