ഇന്ത്യന്‍ ഓഫ് ദി ഇയര്‍: അവസാന വോട്ടെടുപ്പ് ഇന്ന്

0

പോയവര്‍ഷത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകനെ തിരഞ്ഞെടുക്കാനുള്ള സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനലിന്റെ വോട്ടെടുപ്പ് ഇന്ന് -ശനിയാഴ്ച അവസാനിക്കും.

ഇന്റലിജന്‍സ് ഡി.ഐ.ജി. പി.വിജയനാണ് ഇതുവരെയുള്ള വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവാണ് ഒന്നാമത്. 31 ശതമാനം വോട്ടാണ് റാവുവിന് കിട്ടിയത്. വിജയന് 29 ശതമാനവും. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഒന്നാമതെത്തുന്നയാള്‍ 'ഇന്ത്യന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം നേടും. ഫേസ്ബുക്കില്‍ സജീവമായ മലയാളികളുടെ പിന്തുണയുണ്ടെങ്കില്‍ വിജയന് നിഷ്പ്രയാസം ഒന്നാംസ്ഥാനം നേടാനാകും.

സ്റ്റുഡന്റ് പോലീസ്, സ്ത്രീകള്‍ക്കായുള്ള പിങ്ക് ഓട്ടോ തുടങ്ങിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതിന്റെ പേരിലാണ് കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയായ വിജയനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആറുശതമാനം വോട്ട് വീതം നേടിയ ചലച്ചിത്രതാരങ്ങളായ സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് വിജയന് പിറകില്‍. ഇന്ത്യന്‍സൈന്യത്തിനും ദേശീയ ദുരന്തനിവാരണസേനയ്ക്കും അഞ്ചുശതമാനം വോട്ട് കിട്ടിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് വിജയന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവായ ഡോ. എം.ആര്‍. രാജഗോപാല്‍ തുടങ്ങിയവരും ഈ വിഭാഗത്തിലുണ്ട്. രാഷ്ട്രീയം എന്ന വിഭാഗത്തിലാണ് ചന്ദ്രശേഖരറാവു ഉള്‍പ്പെട്ടിരിക്കുന്നത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവരും ഈ വിഭാഗത്തിലുണ്ട്.

https://www.facebook.com/cnnibn/app_210428659025817 എന്ന ലിങ്കില്‍ വോട്ടു രേഖപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ ഹാഷ് ടാഗ് #iotyPVijayan നിങ്ങളുടെ ഫേസ്ബുക്ക് വാളിലോ ട്വിറ്ററിലോ പോസ്റ്റ്‌ ചെയ്യാവുന്നതാണ്