സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതിക്ഷോപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മർദം.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയിൽ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കെടുതിയിൽപ്പെട്ട അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പന്ത്രണ്ട് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. റെഡ് അലേർട്ടിന് സമാനമായ മുൻ കരുതൽ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി രാജൻ വ്യക്തമാക്കി.
നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തമുഖത്ത് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ല. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.