ഇനി കേരളീയർക്ക് സ്വന്തം പുരസ്കാരം

0

ഇന്ത്യാ ഗവർമെണ്ട് പൗരന്മാർക്ക് നൽകുന്ന പത്മ പുരസ്കാരം പോലെ കേരള സർക്കാർ പൗരന്മാർക്ക് കേരള പുരസ്കാരം നൽകുന്നു. കേരളപ്പിറവി ദിനായ നവംബർ ഒന്നിന് പുരസ്കാരം നൽകാനാണ് ആലോചന. കേരള ജ്യോതി , കേരള പ്രഭ, കേരളശ്രീ എന്നീ പേരുകളിലായിരിക്കും ഈ ബഹുമതി അറിയപ്പെടുക. കേരള ജ്യോതി ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരളശ്രീ അഞ്ചു പേർക്കും നൽകാനാണ് തീരുമാനം. പുരസ്കാരം നല്കി പൗരന്മാരെ ആദരിക്കുന്നത് നല്ല തീരുമാനം തന്നെയാണ്.

എന്നാൽ നമ്മുടെ നാട്ടിൽ എന്തും വിവാദമായിത്തീരുന്നത് ഒരു പൊതു പ്രവണതയാണ്. മാത്രമല്ല പത്മ പുരസ്കാരങ്ങൾ പോലും രാഷ്ടീയ വിവാദങ്ങൾക്ക് വഴി തെളിയിക്കാറുണ്ട്. പ്രാഞ്ചിയേട്ടൻമാരുടെ വിഹാര രംഗമായി ഇത്തരം പുരസ്കാരങ്ങൾ ചിലപ്പോഴെങ്കിലും മാറിത്തീരാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. പുതിയ കേരള പുരസ്‌കാരങ്ങൾ പ്രാഞ്ചിയേട്ടൻമാരുടെ കൈകളിൽ എത്തിച്ചേരാൻ പാടില്ല എന്ന ഇച്ഛാശക്തി പുരസ്കാര ദാതാക്കൾ പ്രകടിപ്പിക്കേണ്ടതുണ്ട്. അർഹതയുള്ള കൈകളിൽത്തന്നെയാണ് പുരസ്കാരങ്ങൾ എത്തിച്ചേരുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

പുരസ്കാരങ്ങളുടെ വിശ്വാസ്യത തന്നെയാണ് പ്രധാനം. രാഷ്ട്രീയ വിധേയർക്കോ സ്തുതി പാഠകന്മാർക്കോ ഉള്ള പ്രത്യുപകാരമായി ഈ പുരസ്കാരങ്ങൾ മാറിത്തീരാൻ പാടില്ല. ഒരു നല്ല തീരുമാനത്തെ നല്ല രീതിയിൽത്തന്നെ നമുക്ക് സ്വാഗതം ചെയ്യാം. കേരള ജ്യോതിയും കേരള പ്രഭയും കേരളശ്രീയും എത്രമാത്രം ഔന്നത്യമുള്ളതാണെന്നും മഹത്തരമാണെന്നും നമുക്ക് കാത്തിരുന്നു കാണാം.