ഇനി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് SAARC രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ ചിലവില്‍ പറക്കാം. പാക്കിസ്ഥാന് ഒഴികെയുള്ള SAARCരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് അവധിയും സാമ്പത്തികസഹായവും നല്കുന്ന "LTC ബില്ലിന്റെ" അവസാന രൂപമായതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, ഭുട്ടാന്‍, മാലിദ്വീപ്, നേപാള്‍, പാകിസ്താന്, അഫ്ഗാനിസ്ഥാന്, ശ്രിലങ്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്കിയ "സാര്‍ക്ക്" രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക, വിദേശകാര്യങ്ങളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ നിയമം, അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം ഉറപ്പിക്കുവാനും, ടൂറിസം മേഖലയെ പരിപോഷിപ്പിക്കുവാനും ഉതകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ നിര്‍വാഹമില്ലെന്നും മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നിയമം ഉടന്‍ പാസ്സാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ LTC യുടെ പരിധിയില്‍ ഉദ്യോഗസ്ഥരുടെ "ഹോം ടൌണ്‍" മാത്രമാണ് അടങ്ങിയിരുന്നത്. എന്നാല്‍ അടുത്ത കാലത്ത്, അത് മാറ്റി, ഉദ്യോഗസ്ഥര്‍ക്ക്, ജമ്മു കാശ്മീര്‍, വടക്ക് കിഴക്കന്‍ മേഖല, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമം ഭേദഗതി ചെയ്തിരുന്നു. ഈ യാത്രകള്‍ക്ക് കപ്പല്‍, ട്രെയിന്‍, ഇക്കണോമി വിമാനയാത്ര എന്നിവയില്‍ ഏതും ഉപയോഗി ക്കാവുന്നതാണ്. LTC യുടെ ദുരുപയോഗം തടയാന്‍ എല്ലാവിധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും, ഉദ്യോഗസ്ഥര്‍ ഇതിനെ ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.