കൊലാലമ്പൂര്‍ : മലേഷ്യ എയര്‍ലൈന്‍സ് കൊച്ചി സര്‍വീസ് അവസാനിപ്പിക്കുന്നതായി അറിയിച്ചു .മെയ് മാസം 31-നു ശേഷം മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നിര്‍ത്തുന്നതായും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് സര്‍വീസ് അവസാനിപ്പിക്കുവാന്‍ കാരണമായതെന്നും അറിയുന്നു .എന്നാല്‍ തുടരെയുണ്ടായ അപകടങ്ങള്‍ മൂലം യാത്രക്കാരുടെ വിശ്വാസം നഷ്ട്ടപ്പെട്ട മലേഷ്യ എയര്‍ലൈന്‍സ് ലാഭത്തിലേക്ക് വരുത്തുവാനുള്ള നടപടിയുടെ ഭാഗമായി പുതിയ റൂട്ടുകളിലൊന്നായ കൊച്ചി സര്‍വീസ് അവസാനിപ്പിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രവാസി എക്സ്പ്രസ് സൂചന നല്‍കിയിരുന്നു .( http://www.pravasiexpress.com/index.php?desktop=&article=1133 )
അതുകൊണ്ടുതന്നെ യാത്രക്കാരുടെ കുറവുകൊണ്ട് സര്‍വീസ് നിര്‍ത്തുന്നു എന്ന കാരണം സംശയം ജനിപ്പിക്കുന്നു .ട്രാന്‍സിറ്റ് യാത്രക്കാരുടെ ഇഷ്ടസര്‍വീസായ മലേഷ്യ എയര്‍ലൈന്‍സിന് കൊച്ചിയിലേക്ക് സാമാന്യം നല്ല രീതിയില്‍ യാത്രക്കാരുണ്ടെന്നാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറയുന്നത് . നൂറില്‍പ്പരം സ്ഥലങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് ട്രാന്‍സിറ്റ് സൗകര്യം വഴി യാത്ര ചെയ്യാനുള്ള അവസരം ഇതോടെ ഇല്ലാതാകുകയാണ് .ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകളിലെക്കുള്ള സര്‍വീസുകളില്‍ മാറ്റമുണ്ടാകില്ല . എയര്‍ ഏഷ്യ ,മലിന്‍ഡോ എന്നീ വിമാന കമ്പനികള്‍ ഈ അവസരത്തില്‍ കൊച്ചിയില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ജൂണ്‍ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യാനുള്ള സൗകര്യം എയര്‍ലൈന്‍സ് ഒരുക്കിയിട്ടുണ്ട് .മെയ് മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ഏജന്റുകള്‍ മുഖേനയും ബുക്ക് ചെയ്യാവുന്നതാണ് .