ധോണി പഠിക്കേണ്ട പാഠങ്ങള്‍

0
കുറെ കൊച്ചുപിള്ളേര്‍ കൂടെയുണ്ടെങ്കില്‍ ഓസ്ട്രേലിയയിലെ പിച്ചില്‍ പോയി കപ്പും കൊണ്ടുവരാം എന്ന ധോണിയുടെ അതിമോഹം അവസാനിച്ചു. ദുര്‍ബലരായ എതിരാളികളോട് മാച്ചുകള്‍ കളിച്ചു ജയിച്ച ഇന്ത്യ ചുണക്കുട്ടന്മാരായ ഓസീസ് മുന്നില്‍ വന്നപ്പോള്‍ മണിക്കൂറുകള്‍ കൊണ്ടു നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു.
സേവാഗും യുവരാജും ഗംഭീറും അടക്കം പരിചയസമ്പന്നരായ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചില രാജാക്കന്മാരുടെ  ഒത്താശയില്‍പ്പെട്ട് ടീമില്‍ നിന്നും പുറത്തായപ്പോള്‍ ഇന്ത്യക്കും, ഇന്ത്യയുടെ വിജയം കാത്തിരിക്കുന്ന നൂറ്റിഇരുപത് കോടി ജനങ്ങള്‍ക്കും കൈവന്നത് ഉറക്കമില്ലാത്ത രാത്രികളാണ്.
ദുര്‍ബലരായ അയര്‍ലണ്ട്, യൂ.ഏ.ഈ, ബംഗ്ലാദേശ് തുടങ്ങിയവരോട് ജയിച്ചുകയറിയ ഇന്ത്യ ഓസ്ട്രേലിയയെയും കണ്ടത് അതേ ലാഘവത്തോടെ ആണ് എന്നു വേണം കരുതാന്‍. മികച്ച ബാറ്റിങ്ങും ബോളിങ്ങും ഫീല്‍ഡിങ്ങും കൈമുതലായ ഒരു ടീമിനെ നേരിടുമ്പോള്‍ ഉണ്ടാകേണ്ട പരിചയസമ്പത്ത് ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. സെവാഗോ ഗംഭീരോ യുവരാജോ ഉണ്ടായിരുന്നെങ്കില്‍ എന്നു നമ്മളെല്ലാം ആഗ്രഹിച്ച ദിവസമായിരുന്നു ഇന്ന്. അലക്ഷ്യമായി കളിച്ച കൊഹ്‌ലി, രോഹിത്, നാല്‍പ്പതാം ഓവറിലും സിംഗിളുകള്‍ കൈമാറിയ ക്യാപ്റ്റന്‍ ധോണി തുടങ്ങിയവരെല്ലാം ഈ തോല്‍വിക്ക് ഉത്തരം പറയേണ്ടതുണ്ട്.
ജഡേജ പുറത്തായ നിമിഷത്തില്‍ തട്ടിയും മുട്ടിയും നിന്ന് നാല്‍പ്പത്തിഅഞ്ചാം ഓവറിനു ശേഷം റണ്ണുകള്‍ എടുക്കാം എന്നു കരുതിയ ക്യാപ്ടന്‍ കൂളിന്‍റെ തണുപ്പ് ചൂടാകുന്നത് കാണികള്‍ കണ്ടറിഞ്ഞു. ഒടുവില്‍ നിലയില്ലാക്കയത്തിത്തില്‍ ടീമിനെ എത്തിച്ച ശേഷം ഇല്ലാത്ത റണ്ണിനോടി വാലറ്റത്തെ തനിച്ചാക്കി, ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്ടന്‍ എന്നു പലരും വിശേഷിപ്പിക്കുന്ന ധോണി നടന്നകന്നു.
ക്രിക്കറ്റിലെങ്കിലും രാഷ്ട്രീയം കലര്‍ത്താതെ പരിചയവും യുവത്വവും ഒത്തിണങ്ങുന്ന ടീമിനെ കളിക്കയക്കണം എന്നാണു ഈ ലോകകപ്പ്‌ ഇന്ത്യന്‍ ടീം മാനേജ്മെന്റിനും, സെലക്ടര്മാര്‍ക്കും, അതുക്കും മേലെ ക്യാപ്ടനും നല്‍കുന്ന പാഠം.
—————-
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളാവണമെന്നില്ല