ദീപാവലിയും പിറന്നാളും ഒരുമിച്ച് ആഘോഷിക്കുകയാണ് അമ്മ മല്ലികയ്ക്കൊപ്പം ഇന്ദ്രജിത്തും കുടുംബവും. അമ്മയ്ക്ക് ഇന്ന് പിറന്നാൾ ആശംസകൾ പൃഥിയും ഇന്ദ്രജിത്തും ആശംസിച്ചിരുന്നു
ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.
1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.
തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
കെ. കെ രാജീവിന്റെ ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘ഇന്ദുമുഖി ചന്ദ്രമതി’ തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.