ശഅബാന്‍ 30 പൂര്‍ത്തിയാക്കി റംസാന് മാസത്തിന് തുടക്കമായി.
നോമ്പിന്റെ വിശുദ്ധമാസം. മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസം. മതസൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും മാസം. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രനും സ്വന്തം സമ്പാദ്യത്തിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ കഴിയാത്ത നിലയില്‍ സാമ്പത്തിക ശേഷിയുള്ളവനും ഒരുപോലെ വിശപ്പിന്റെ വിളി അറിയുന്ന കാലമാണ് പുണ്യ റംസാന്.
തിരിച്ചറിവിന്റെയും, മാറ്റത്തിന്റെ പുണ്യമാസമാണ് റംസാന്. ഒരു സംസ്കാരത്തിന്റെ വിളംബരമാണ്. മാറ്റാന്‍ കഴിയില്ലായെന്ന് നമ്മള് വിചാരിച്ചിരുന്ന, നമ്മുടെ ജീവിതശൈലിയില്‍ അടിയുറച്ചുപോയ ശീലങ്ങളും പതിവുകളും ചിട്ടകളുമെല്ലാം സര്‍വലോക രക്ഷിതാവിന്റെ തൃപ്തിക്കും കല്പനയ്ക്കും മുന്നില്‍ പരിത്യജിക്കാനുള്ള മനുഷ്യന്റെ ഇഛാശക്തിയാണ് ഈ മാസം. വിശുദ്ധിയുടെ ഈ ദിനരാത്രങ്ങളില്‍ മുസ്ലിം ലോകത്തിന്റെ സംസ്കാരം തന്നെ മറ്റൊന്നാകുന്നു. പതിവുകളും ചിട്ടകളും ഒക്കെ തെറ്റുന്നു. ഊണിന്റെയും ഉറക്കത്തിന്റെയും സമയവും സന്ദര്‍ഭവും രീതിയും എല്ലാം മാറിമറിയുന്നു. അതുകൊണ്ട് തന്നെ മുസ്ലിം ജനതക്ക് പുതിയ രീതിയും ശൈലിയും ദിശാബോധവും കൈവരുന്ന പവിത്രമാസമാണ് റംസാനിലെ ഈ ദിനങ്ങള്‍.
ആര്‍ത്തികളും ആസക്തികളും വെടിഞ്ഞ് മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് വിശപ്പും ദാഹവും അതിന്റെ സര്‍വ കാഠിന്യങ്ങളോടും അനുഭവിച്ച് ‘അല്ലാഹ്' എന്ന ഒരൊറ്റ ചിന്തയുമായി നടക്കുന്ന മനുഷ്യന്റെ മനസ്സില്‍ കുടിലതകള്ക്കിടമില്ല. അഹങ്കാരവും ധിക്കാരവും അധീശത്വമനോഭാവവും അവന്റെ ഉള്ളില്‍ അലിഞ്ഞില്ലാതാകും. അങ്ങേയറ്റം വിനയാന്വിതനായി സര്വ്വശക്തനുമുന്നില് അവന്റെ മനസ്സ് തുറക്കും. അവന്റെ വാക്കുകളും പ്രവൃത്തിയും ചിന്തയും വിശ്വാസത്തിന്റെ പുണ്യതീര്ത്ഥംകൊണ്ട് പരിശുദ്ധമാക്കിയിരിക്കും. അല്ലാഹു അവനെ സംബന്ധിച്ച് തൃപ്തനാകും. അങ്ങനെ പ്രപഞ്ചനാഥന് ഇഷ്ടപ്പെടുന്നവരാല്‍ നിറഞ്ഞ ഭൂമി സമാധാനത്തിന്റെ പൂന്തോപ്പായി മാറും.
ഭൗതിക ജീവിതത്തിലെ പ്രവര്‍ത്തനമനുസരിച്ചാണ് പരലോകജീവിതം തീരുമാനിയ്ക്കപ്പെടുക. ആയതിനാല്‍ അല്ലാഹുവിന്റെ കല്പനകള് മുറുകെ പിടിച്ച് സമസൃഷ്ടി സ്നേഹം പുലര്‍ത്തി ഭക്തിയിലധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി വര്‍ഷത്തില്‍ ഒരുമാസം വ്രതമനുഷ്ഠിക്കുവാന്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
പട്ടിണിയും അതുമൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥയുമാണ്, ഇന്ന് ലോകമഭിമുഖീകരിക്കുന്ന പ്രമുഖ പ്രശ്നം. പട്ടിണിയുടെ യഥാര്‍ത്ഥ അവസ്ഥ നേരിട്ട് രുചിച്ചറിയാന്‍, സമ്പന്നന് നോമ്പിലൂടെ അവസരം ലഭിക്കുന്നു. ഇതിലൂടെ ഉള്ളവന് ഇല്ലാത്തവന് തണലായി മാറാന്‍ ഇസ്ലാമിലെ വ്രതം അവസരമൊരുക്കുന്നു. തന്റെ അയല്പക്കത്ത് പട്ടിണികിടക്കുന്നവന് ഉണ്ടാവാന്‍ പാടില്ലെന്ന് പ്രവാചകന് താക്കീത് നല്കുന്നു. നോമ്പിലൂടെ പട്ടിണി നേരിട്ടു മനസ്സിലാക്കുന്ന വിശ്വാസി, പ്രവാചകപ്രോക്തം സാക്ഷാല്കരിക്കുന്നു.
വിശുദ്ധ റംസാന് ഒരുപാട് സന്ദേശങ്ങളുമായാണ് കടന്നുവരുന്നത്. ധര്‍മനിഷ്ഠമായ ഒരു സമൂഹം നിര്‍മിക്കപ്പെടണം. ഉപഭോഗതൃഷ്ണയുടെ വെല്ലുവിളികളുയരുന്ന പുതിയ കാലത്തിനുമുമ്പില്‍ മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുന്ന തലമുറ നിവര്‍ന്നു നില്‍ക്കണം. നന്മ, തിന്മകളുടെ വേര്‍തിരിവാണ് റംസാന് വ്രതം. സല്ക്കര്മ്മങ്ങളനുഷ്ഠിക്കുന്ന സമൂഹങ്ങള്‍ ഭൂമിയില്‍ അനന്തരാവകാശികളിലൂടെ നിലനില്ക്കും. വിശുദ്ധമാസത്തില്‍ സത്കര്‍മത്തിന് ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയായിരിക്കും പ്രതിഫലമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാമൂഹിക സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ റമദാനെ ഒരു മതാനുഷ്ഠാനത്തിലുപരിയായ ഉന്നതിയില്‍ എത്തിക്കുന്നു. റമദാനിലെ രാവുകളിലെ ഇഫ്താറുകള്‍ ജാതിമതഭേദമന്യേ സ്നേഹം വിളമ്പുന്നത് അവയിലൊന്നു മാത്രമാണ്
സിംഗപ്പൂര്‍ നിവാസികള്‍ക്ക് നോയമ്പ് തുറ സമയങ്ങളും മറ്റ് വിവരങ്ങളും അറിയാന്‍ സന്ദര്‍ശിക്കുക : http://www.muis.gov.sg/
റമദാന് നിലാവ് മനുഷ്യ മനസ്സുകളിലൂടെ പരന്നൊഴുകട്ടെ.. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തുന്ന റമദാന് വരവേല്‍ക്കാന്‍ പ്രാര്‍ത്ഥനാ മനസ്സുമായ് നില്ക്കുന്ന ഏവര്‍ക്കും പ്രവാസി എക്സ്പ്രസിന്റെ റമദാന് ആശംസകള്‍