കേരള രാഷ്ട്രീയത്തിലെ ഇപ്പൊഴത്തെ പ്രധാന രാഷ്ടീയ ചർച്ച തുപ്പലിൻ്റേതാണ്. ഹലാൽ ഭക്ഷണമാണ് പ്രസക്തമായ രാഷ്ടീയ വിഷയം എന്ന് തോന്നിപ്പോകുന്ന രീതിയിൽ എല്ലാ രാഷ്ടീയ കക്ഷികളും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ചില ഹോട്ടലുകളെ ബഹിഷ്കരിക്കണമെന്നും വേറെ ചില ഹോട്ടലുകളിലെ ഭക്ഷണം പ്രോത്സാഹിപ്പിക്കണമെന്നും സൂചിപ്പിക്കുന്ന തരത്തിൽ ചില രാഷ്ടീയ കക്ഷികളിൽ നിന്ന് ആഹ്വാനം വന്നു കൊണ്ടിരിക്കുകയാണ്. ഇവരെയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റു വഴികളൊന്നും തന്നെയില്ല.
ബഹിരാകാശത്ത് അടുക്കള ആരംഭിക്കുന്ന വർത്തമാന കാലത്ത് ഇത്തരം ചർച്ചകളിൽ ഏർപ്പെടുന്നതും അതും രാഷ്ടീയ വിഷയമാക്കി മാറ്റിയെടുക്കുന്നതും ലളിതമായ ഭാഷയിൽ പറഞ്ഞാൽ വിവരക്കേട് മാത്രമാണ്. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹമാണ് ഇതിൽ ഭാഗഭാക്കാകുന്നത് എന്നറിയുമ്പോൾ പ്രബുദ്ധത എന്ന വാക്കിന് തന്നെ മറ്റ് അർത്ഥം കണ്ടെത്തേണ്ടി വരും. ഓർക്കേണ്ടതുണ്ട്, ഇന്നത്തെ കാര്യമല്ല, സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ്റ്റിൻ്റെ സമ്മേളനങ്ങൾ നടക്കുമ്പോൾ അവിടെ ഇന്ത്യയുടെ നാനാത്വത്തിൻ്റെ പ്രതീകങ്ങളായി വിവിധ വിഭാഗം ജനതയുടെ അടുക്കളയും കാണാമായിരുന്നു.
അവിടെ ഒരിക്കൽ പോലും തുപ്പലും ഹലാലും ഒന്നും തന്നെ വിഷയമായിരുന്നില്ല. അത്തരമൊരു പൈതൃകവും സംസ്കാരവുമുള്ള നമ്മൾ ഇന്ന് തീൻമേശയില്ലെ വിഭവങ്ങളെ പോലും സ്പർദ്ധയുടെ അടയാളങ്ങളാക്കി മാറ്റിയെടുക്കുകയാണ്. ഇനിയും വൈകിക്കൂടാ, തുപ്പൽ ഒരു ആയുധമാക്കി മാറ്റിയെടുക്കുക ‘ ഭിന്നിപ്പിക്കാൻ, പരസ്പര വിദ്വേഷമുണ്ടാക്കാൻ അഹാരത്തെ ആയുധമാക്കുന്നവരുടെ മുഖത്തേക്ക് തന്നെ കാർക്കിച്ച് തുപ്പുക’ ഈ കാർക്കിച്ച് തുപ്പലായിരിക്കണം ഇതിനുള്ള രാഷ്ട്രീയ സാമുഹ്യ മറുപടിയെന്ന് ഈ അല്പൻമാർ തിരിച്ചറിയേണ്ടതുണ്ടു്. തുപ്പലും ഒരു പ്രതികരണ രീതിയാണ്.