ഗീത ഗോപിനാഥ് ഐഎംഎഫ് തലപ്പത്തേക്ക്

0

മലയാളിയായ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) തലപ്പത്തേയ്ക്ക്. നിലവിൽ ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെ ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടായത്. ജനുവരിയിൽ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. നിലവിലെ ഡയറക്ടർ ജെഫ്രി ഒകാമോട്ടോ അടുത്ത വർഷം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്.

നിലവിൽ ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റായ ​​ഗീത ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ് തിരികെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌ക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇതിനിടെയാണ് ഐഎംഎഫിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2018ലാണ് ഗീത ഗോപിനാഥ് ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുക്കുന്നത്. 2016 ജൂലൈ മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം ചെയ്തിരുന്നു. രണ്ടുവർഷം സൗജന്യമായാണ് ഗീത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക ഉപദേശക സ്ഥാനം രാജിവച്ചത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരി കൂടിയായിരുന്നു ഗീത ഗോപിനാഥ്.

ഉചിതമായ സമയത്തെ ഉചിത വ്യക്തി എന്നാണ് ​ഗീതാ ​ഗോപിനാഥ് സ്ഥാനമേൽക്കുന്നതിനെ ഐഎംഎഫ് ചീഫ് ക്രിസ്റ്റലിന ജോർജിവിയ വിശേഷിപ്പിച്ചത്. നിലവിലെ മഹാമാരി കാരണം നമ്മുടെ അം​ഗരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളി വ്യാപ്തിയിൽ വർദ്ധനവ് ഉണ്ടായതിനാൽ ലോകത്തിലെ പ്രമുഖ മാക്രോഇക്കണോമിസ്റ്റുകളിലൊരാളായി സാർവത്രികമായി അം​ഗീകരിക്കപ്പെട്ട ​ഗീതയക്ക് ഈ ഘട്ടത്തിൽ എഫ്ഡിഎംഡി റോളിനായി ആവശ്യമുള്ള വൈദ​ഗ്ദ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഐഎംഎഫ് ചീഫിന്റെ പ്രസ്താവനയിൽ പറയുന്നു.