മൂന്നു മാതാപിതാക്കള്‍ ഉള്ള കുട്ടികള്‍

0

അതികഠിനമായ വേദനയുണ്ടാക്കുന്ന, അപൂര്‍വമായ രോഗമാണ് മൈറ്റോകോണ്ഡ്രിയല്‍ ഡിസീസ്. മൈഗ്രേന്‍, ഇടയ്ക്കിടെ വരുന്ന ബോധക്ഷയം ഇവയൊക്കെ ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ ആണ്. മൈറ്റോകോണ്ഡ്രിയല്‍ ഡിസീസ് ബാധിച്ചവര്‍ക്ക് വളരെ നേരത്തെ തന്നെ ലോകത്തോട് വിട പറയേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങളോളം ഈ രോഗം വന്നു കിടപ്പിലായ ഇരുപത്തിയഞ്ചു വയസ്സുള്ള മകന്‍ മരിച്ചപ്പോള്‍, ഇതേ രോഗം തന്നെ തന്‍റെ മുപ്പത്തി ഒന്ന് വയസ്സുള്ള മകള്‍ക്കും വന്നപ്പോള്‍, സിന്‍ഡി സാള്‍ട്ടിന് നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തന്‍റെ തലമുറ ഇവിടെ അവസാനിക്കുമെന്ന സത്യം വേദനയോടെ ഉള്‍ക്കൊണ്ടുകൊണ്ട്. ഇതുപോലെ എത്ര രോഗങ്ങള്‍.  അല്‍ഷിമേഴ്സ്, കാന്‍സര്‍, ഹൃദ് രോഗങ്ങള്‍ ഇവയ്ക്കൊക്കെ കാരണമാകുന്നു ഈ അസുഖം.

ഇപ്പോഴിതാ ആശ്വാസകരമായ വാര്‍ത്തയുമായി ശാസ്ത്രലോകം, രോഗബാധിതമായ തലമുറകളെ ഇല്ലായ്മ ചെയ്യാന്‍ പുതിയ ചികിത്സാ രീതിയുമായ്. വേദനകൊണ്ട് മക്കള്‍ ദുരിതമനുഭവിക്കുന്നത് കാണേണ്ടി വരില്ല ഇനി വരും തലമുറയ്ക്ക്.

മൂന്നു പേരുടെ DNA സംയോജിപ്പിക്കുന്നത്  വഴി ജനിക്കാന്‍ പോകുന്ന കുഞ്ഞിനു രോഗം വരുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് 'മൈറ്റോകോണ്ഡ്രിയല്‍ DNA ട്രാന്‍സ്ഫര്‍' എന്ന് പേരുള്ള ഈ ചികിത്സ രീതി. ഇത് വഴി അമ്മയുടെ പ്രത്യുത്പാദന കോശവുമായി ദാതാവിന്‍റെ മൈറ്റോകോണ്ഡ്രിയ സംയോജിപ്പിക്കുക വഴി ആരോഗ്യമുള്ള ജീന്‍ കുട്ടിക്ക് വന്നു ചേരുന്നു. ദാതാവിന്‍റെ മൈറ്റോകോണ്ഡ്രിയ, കോശങ്ങള്‍ക്ക് ആരോഗ്യത്തോടെ വളരാനുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇങ്ങിനെ അമ്മയുടെ രോഗബാധിതമായ മൈറ്റോകോണ്ഡ്രിയ മാറ്റി ദാതാവിന്‍റെ മൈറ്റോകോണ്ഡ്രിയ ഉപയോഗിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്‍റെ അസുഖം ഇല്ലായ്മ ചെയ്യുന്നു.

മൂന്നു മാതാപിതാക്കള്‍ ഉള്ള അലാന ഇപ്പോള്‍ സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം നയിക്കുന്നു. കാരണം അലാനയുടെ അമ്മ ഷെറിന്‍ ഇതുപോലെ വിട്രോഫെര്‍ട്ടിലൈസേഷന്‍ ചെയ്ത ആദ്യത്തെ സ്ത്രീകളില്‍ ഒരാളാണ്.

യു. കെയിലാണ് നിയമ പരമായി ഈ ചികിത്സ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. ഇപ്പോള്‍ യു.  എസ്, ഓസ്ട്രേലിയ, അര്‍ജന്റീന തുടങ്ങി പല രാജ്യങ്ങളിലും മൂന്നു മാതാപിതാക്കള്‍ ഉള്ള കുട്ടികള്‍ ഉണ്ട്. ദാതാവായ സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ ഐഡന്റിറ്റി പുറത്തു പറയാന്‍ ആഗ്രഹിക്കാറില്ല.വ്യക്തിത്വം, രൂപ സാദൃശ്യം ഇതൊക്കെ ഒരുപോലെ വരുമ്പോള്‍ ചികിത്സ കൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷത്തുകള്‍ കാണേണ്ടിയിരിക്കുന്നു. "ഇത് സംബന്ധിച്ച് നല്ലൊരു പഠനം തന്നെ ആവശ്യമാണ്, മൃഗങ്ങളില്‍ ഇനിയുമിനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട് " എന്ന് NYU സ്കൂള്‍ ഓഫ് മെഡിസിനിലെ, മെഡിക്കല്‍ എത്തിക്സ് ഡയറക്ടറായ ആര്‍തര്‍ പറഞ്ഞു. ലെസ്ബിയന്‍ ആയിട്ടുള്ളവര്‍ക്കും, മറ്റും ഈ മാര്‍ഗ്ഗം ഉപയോഗിച്ച്  കുട്ടികളെ ലഭിക്കാനുള്ള പഠനം നടന്നു കൊണ്ടിരിക്കുകയാണ്.

മുന്‍കൂട്ടി രോഗസാധ്യത അറിഞ്ഞു പല അസുഖങ്ങളും നിവാരണം ചെയ്യാന്‍ കഴിയുന്നത് വഴി ആരോഗ്യം നിറഞ്ഞ ഒരു തലമുറയെ സൃഷ്ടിക്കാന്‍ ശാസ്ത്ര ലോകത്തിനു ആകുമെങ്കിലും,  ഡിസൈനെര്‍ ബേബികളെ ലഭിക്കാന്‍ ഈ ചികിത്സ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്, മാത്രമല്ല ഒരു കുട്ടിക്ക് മൂന്നു അവകാശികള്‍ എന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.