പ്രവാസികളായ അമുസ്ലിംകള്‍ക്കായി അബുദാബിയില്‍ പ്രത്യേക കോടതി

0

അബുദാബി: പ്രവാസികളായ അമുസ്ലിംകളുടെ വ്യക്തിപരമായ കേസുകള്‍ പരിഗണിക്കാന്‍ അബുദാബിയില്‍ പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എഡിജെഡി)അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി ഉദ്ഘാടനം നിര്‍വഹിച്ചു.

അബുദാബി എമിറേറ്റിന്റെ ഭരണാധികാരിയായ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്. പ്രവാസികളായ അമുസ്ലിംകളുടെ കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ജുഡീഷ്യല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.

അമുസ്ലിംകളുടെ കുടുംബകാര്യങ്ങള്‍ക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി എന്നീ വിഷയങ്ങളാണ് ഈ കോടതിയില്‍ പരിഗണിക്കുക. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതി കേസുകള്‍ കേള്‍ക്കുക.