യാങ്കൂണ്‍: മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ കൊന്ന് മൃതശരീരങ്ങള്‍ കത്തിച്ചു. രാജ്യത്തെ സംഘര്‍ഷഭരിത സംസ്ഥാനമായ കയയിലാണ് ദാരുണമായ സംഭവം. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടന പറഞ്ഞു. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിച്ച നിലയിലായിരുന്നു.
ആയുധങ്ങളുമായെത്തിയ ഒരു വലിയ സംഘം തീവ്രവാദികളെ വെടിവെച്ചുകൊന്നതായി മ്യാന്‍മാര്‍ സൈന്യം പ്രതികരിച്ചു. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.