ബിസിസിഐ പ്രസിഡന്‍റും ഐസിസി മുന്‍ അധ്യക്ഷനുമായ ജഗ്മോഹന്‍ ഡാല്‍മിയ ( 75 ) അന്തരിച്ചു . ഹൃദയാഘാതത്തെത്തുടര്‍ന്ന്‍ വ്യാഴാഴ്ച കൊല്‍ക്കത്ത ബിഎം ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എന്‍ . ശ്രീനിവസാന്‍റെ പകരക്കാരനായാണ് ഡാല്‍മിയ വീണ്ടും ബിസിസിഐ പ്രസിഡന്‍റായത് . അനാരോഗ്യത്തെത്തുടര്‍ന്ന് ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
1979 ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983 ല്‍ ബിസിസിഐയുടെ ട്രഷറാറായി. 1987 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ആതിഥ്യം വഹിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡാല്‍മിയ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കി.
1997 ല്‍ ഐസിസി പ്രസിഡന്‍റായ ഡാല്‍മിയ മൂന്ന് വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്‍നു . 2005 ല്‍ ഡാല്‍മിയയുടെ പ്രതിനിധിയായ രണ്‍ബീര്‍ സിംഗ് മഹേന്ദ്രയെ തോല്‍പിച്ച് ശരദ് പവാര്‍ ബിസിസിഐയുടെ തലപ്പെത്തെത്തിയതോടെ ക്രിക്കറ്റ് ഭരണരംഗത്ത് അദ്ദേഹത്തിന് വനവാസ കാലമായിരുന്നു. ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ബിസിസിഐയില്‍ നിന്ന്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച ഡാല്‍മിയ 2007 ല്‍ അനുകൂല ഉത്തരവ് നേടി ബംഗാള് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തിരിച്ചെത്തി .
2013 ല്‍ ഐപിഎല്‍ ഒത്തുകളിയെത്തുടര്‍ന്‍നുണ്ടായ സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ന്നു എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഡാല്‍മിയ ബിസിസിഐയുടെ ഇടക്കാല പ്രസിഡന്‍റായത് . 2015 മാര്‍ച്ചില്‍ ഡാല്‍മിയ വീണ്ടും ബിസിസിഐ പ്രസിന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അന്താരാഷ്ട്ര മാനം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഡാല്‍മിയ.