ബെംഗളൂരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും പുരോഗമനചിന്തകനും ആക്ടിവിസ്റ്റുമായ പ്രൊഫ. ചന്ദ്രശേഖർ പാട്ടീൽ (82) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രണ്ടുവർഷമായി അസുഖബാധിതനായിരുന്നു.
ചമ്പ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ചന്ദ്രശേഖർ പാട്ടീൽ കന്നഡയിലെ പുരോഗമനസാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിതമൂല്യങ്ങളെ ധിക്കരിക്കുന്ന, സാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിതമൂല്യങ്ങളെ ധിക്കരിക്കുന്ന, സാഹിത്യത്തിലെ ‘ബണ്ഡായ’ പ്രസ്ഥാനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ വിമർശിക്കുന്ന ‘ജഗദംബേയ ബിഡിനാടക’ എന്ന തെരുവുനാടകം അവതരിപ്പിച്ചതിന്റെ പേരിൽ ജയിലിലായി. അർധ സത്യദ ഹുഡുഗി എന്ന കാവ്യഗ്രന്ഥത്തിന് 1989-ലെ കർണാടക സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു സവർണമേധാവിത്വത്തെയും വർഗീയതയെയും നിശിതമായി എതിർക്കുന്ന നിലപാടിലൂടെ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. പുരോഗമനചിന്തകനും എഴുത്തുകാരനുമായ എം.എം. കലബുർഗി കൊലചെയ്യപ്പെട്ടപ്പോൾ കന്നഡയിലെ ഏറ്റവും വലിയ അവാർഡായ പമ്പ സാഹിത്യ പുരസ്കാരം തിരിച്ചുനൽകി പ്രതിഷേധിച്ചു.
കലബുർഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോൾ തീവ്രസംഘടനകളുടെ `ഹിറ്റ്ലിസ്റ്റി’ൽ ചന്ദ്രശേഖർ പാട്ടീലുമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 2017 മുതൽ അദ്ദേഹത്തിന് പോലീസ് സുരക്ഷ നൽകി. 1939-ൽ ഹാവേരി ജില്ലയിലെ ഹട്ടിമത്തൂരിൽ ജനിച്ച ചന്ദ്രശേഖർ ധാർവാഡിലെ കർണാടക സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1960-കളിൽ കവിയെന്ന നിലയിലും നാടകകൃത്തായും ശ്രദ്ധനേടി. എഴുത്തുകാരി നീല പാട്ടീലാണ് ഭാര്യ. രണ്ടുമക്കളുണ്ട്.