കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതില്‍ സംശയം പ്രകടിപ്പിച്ച് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. സാക്ഷിയുടെ സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. കേസില്‍ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
അതേസമയം ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും