‘കൊച്ചി മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ : പ്രവാസി ഹ്രസ്വചിത്ര കലാകാരന്മാര്‍ക്കിതു സുവര്‍ണ്ണാവസരം.

0

മലയാള ഹ്രസ്വചിത്രങ്ങള്‍ക്ക് ഇനി സുവര്‍ണ്ണ കാലം. യുവ സിനിമാ പ്രതിഭകള്‍ക്കായ്‌ കലയും, സാങ്കേതികതയും, ബിസിനസ്‌ മാനേജ്‌മെന്റും സമന്വയിപ്പിച്ച് ഒരുക്കുന്ന  'കൊച്ചി മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്' സെക്കന്റ്‌ എഡിഷന്‍ന്റെ വിപുലമായ ആഘോഷത്തിനായ് അറബിക്കടലിന്റെ റാണി വീണ്ടും ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയുടെ മഹാനടന്‍ ശ്രീ മോഹന്‍ലാല്‍ ഫെസ്റ്റിവല്‍ ചെയര്‍മാനും, എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായിരുന്ന ശ്രീ രവീന്ദ്രന്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഈ മെഗാ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉടന്‍ തന്നെ പതിനാറു ഏക്കറിലെ മനോഹരമായ കൊച്ചി ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ടില്‍ വച്ച് നടത്തുന്നതാണ്.

മലയാള നാട്ടിലും, മറുനാട്ടിലും ശ്രേഷ്ഠ ഭാഷയുടെ മഹത്വം ഉയര്‍ത്താന്‍ ഒരുക്കിയ എല്ലാ മലയാള ഹ്രസ്വ ചിത്രങ്ങള്‍ക്കും മീഡിയ അയലന്റിലേക്ക് സ്വാഗതം. ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം കൂടാതെ മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഹ്രസ്വ ചിത്രങ്ങള്‍ കൂടാതെ ഡോക്യുമെന്ററി ഫിലിംസ്, ആനിമേഷന്‍ ഫിലിംസ്, പരസ്യ ചിത്രങ്ങള്‍, മ്യൂസിക്‌ ആല്‍ബങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കുന്നതാണ്. കേരളത്തിലെ ഹ്രസ്വ ചിത്ര കലാകാരന്മാരെ കൂടാതെ പ്രവാസി മലയാളികള്‍ക്കായ് പ്രത്യേകമായി മറുനാടന്‍ മലയാളീസ് ഷോര്‍ട്ട് ഫിലിം സെക്ടര്‍ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്. വനിതാ ഫിലിം മേക്കേര്‍സിനും, ക്യാംപസ് ഫിലിം മേക്കേര്‍സിനും പ്രത്യേകം പ്രോത്സാഹനമാണ് മേള നല്കുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള അനേകം മലയാളം ഷോര്‍ട്ട് ഫിലിം മേക്കേര്‍സിനു തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വലിയൊരു വേദിയാകും ഇത്.


നിരവധി സെമിനാറുകള്‍, വര്‍ക്ക്‌ ഷോപ്പുകള്‍, സിനിമാ സംവിധായകരും, നിര്‍മ്മാതാക്കളും, കൂടാതെ സിനിമയില്‍ മറ്റു പല മേഖലകളില്‍ പ്രശസ്തരായിട്ടുള്ള വ്യക്തികളുമായുള്ള പ്രത്യേക ചോദ്യോത്തര വേളകളും മേളയില്‍ ഉണ്ടായിരിക്കുന്നതാണ്. ഫോട്ടോഗ്രഫി – പോസ്റ്റര്‍ ഡിസൈനിംഗ് – പെയിന്റിംഗ് മത്സരങ്ങള്‍, സിനിമ താരങ്ങളുടെയും മറ്റും വിവിധ കലാ പരിപാടികള്‍, ഡാന്‍സ് ഷോകള്‍, മ്യൂസിക്‌ ഷോകള്‍, ഫാഷന്‍ ഷോ, ഡി ജെ പാര്‍ട്ടി, ആര്‍ട്ട് എക്സിബിഷന്‍, മാനേജ്‌മന്റ്‌ ഫെസ്റ്റ്, ടെക് ഫെസ്റ്റ്, ഫുഡ്‌ ഫെസ്റ്റ്, ഷോപ്പിംഗ്‌ സൗകര്യങ്ങള്‍, തുടങ്ങിയവയും കലയുടെ ഈ മഹാ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷത്തെ മേളയുടെ ഗംഭീര വിജയത്തിന് ശേഷമാണ് കൂടുതല്‍ വിപുലമായി ഈ വര്‍ഷത്തെ മേള ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീ. മോഹന്‍ലാല്‍, ശ്രീ. സത്യന്‍ അന്തിക്കാട്, മഞ്ജു വാര്യര്‍‌ തുടങ്ങി സിനിമയില്‍ നിന്നും മറ്റു പല മേഖലകളില്‍ നിന്നുമുള്ള പ്രശസ്തര്‍ ഗോള്‍ഡ്‌ സൂക്ക് ഗ്രാന്റില്‍ നടന്ന മേളയില്‍ പങ്കെടുത്തിരുന്നു. ഇത്തവണയും ഈ ഇന്‍ഫോറ്റൈന്‍മെന്റ് ഫെസ്റ്റ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെസ്റ്റ് ഡയറക്ടര്‍ ശ്രീ. രവീന്ദ്രനും, സംഘവും. ഇത്തരത്തിലൊരു ഇന്‍ഫോറ്റൈന്‍മെന്റ് ഫെസ്റ്റ് കേരളത്തിലെന്നല്ല ഒരു പക്ഷെ തെന്നിന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്. കേരളത്തിലുള്ള, കേരളത്തിന്‌ പുറത്തുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള എല്ലാ കലാകാര്‍ക്കും സിനിമയെക്കുറിച്ച്, അതിന്റെ സാങ്കേതികതയെക്കുറിച്ച്, അവസരങ്ങളെക്കുറിച്ച് അറിയാന്‍, തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഇത്രയും നല്ലൊരു അവസരം ഒരുക്കുന്നതിന് കൊച്ചി  മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിനൊപ്പം കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, പബ്ലിക്‌ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, വിവിധ സിനിമ സംഘടനകള്‍ ഒത്തു ചേര്‍ന്ന് സഹകരിക്കുന്നു.

For more details, plz visit this link: https://www.facebook.com/KochiMetroMalayalamShortFilmFest