കൊൽക്കത്ത∙ പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മശ്രീ പുരസ്കാരം നിരസിച്ചു. പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുരസ്കാരം സന്ധ്യ നിരസിച്ചതായി മകൻ സൗമ്യ സെൻഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.
പതിറ്റാണ്ടുകളായി ബംഗാളി സംഗീതരംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന ആളാണ് തന്റെ അമ്മ. അവർക്ക് 90ാം വയസ്സിൽ ഈ പുരസ്കാരം നൽകുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകൾ അറിയിച്ചു. ബംഗ്ലാ ബിഭൂഷൺ ഉൾപ്പെടെ വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഗായികയ്ക്ക് പത്മശ്രീ നൽകാനുള്ള തീരുമാനം കരിയറിനെ താഴ്ത്തിക്കെട്ടുന്നതാണെന്നു കുടുംബം ചൂണ്ടിക്കാട്ടി. ഇതിനെ രാഷ്ട്രീയമായി കൂട്ടികലർത്തരുതെന്നും അവർ പറഞ്ഞു. മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും പത്മഭുഷൺ നിരസിച്ചിരുന്നു.