പ്രോഡക്റ്റ് അനാലിസിസ് ആന്‍ഡ് റിവ്യൂ എന്നത് വ്യാവസായിക ലോകത്തെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകം ആണ് . ഉല്‍പ്പന്നം നിര്‍മ്മിച്ചാല്‍ അതിന്‍റെ മേന്മകളെ ഉപഭോക്താക്കളുടെ കണ്ണില്‍ എത്തിക്കുക എന്ന കര്‍മ്മം വിജയിച്ചാലേ വില്‍പ്പന നടക്കു. പരസ്യ വാചകത്തിന് പുറമേ ഒരാള്‍ അത് ഉപയോഗിച്ചു മേന്മ വിശകലനം ചെയ്തു പറഞ്ഞാല്‍ അത് കൂടുതല്‍ വിശ്വസനീയമാകും. ഈ ഒരു മാര്‍ഗ്ഗം എല്ലാ ആഗോള വ്യാവസായിക ഭീമന്മാരും പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഇതില്‍ അധികമാരും അറിയാത്ത ഒരു അനന്ത ജോലി സാധ്യത പോലുമുണ്ട്.
സോഷ്യല്‍ മീഡിയ പോലെ ആഗോള വ്യാപകമായ നെറ്റ്‌വര്‍ക്ക് മനുഷ്യന്‍റെ ജീവിതചര്യകളെ സ്വാധീനിക്കുന്ന ഈ യുഗത്തില്‍ ഇതുപോലുള്ള കച്ചവട തന്ത്രങ്ങള്‍ പുതുമയല്ല.
ഒരു സിനിമ ഇറങ്ങിയാല്‍, അത് കാണാതെ തന്നെ റിവ്യൂ എഴുതി, അതിന് കാണാന്‍ ആളെ ഇല്ലാതാക്കുന്ന ലോകത്ത് നല്ലൊരു പ്രോഡക്റ്റ് അനാലിസിസ് ആന്‍ഡ് റിവ്യൂ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇപ്പൊള്‍ മനസ്സിലായി കാണും.
ഇതില്‍ ഏറ്റവും പ്രധാനം ഈ ജോലി ചെയ്യുന്ന ആളിന്‍റെ പ്രായോഗിക ചിന്ത ആണ്. അതില്‍ എങ്ങനെ ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു, അതിന്‍റെ പ്രായോഗിക ഉപയോഗം, വിവിധ വശങ്ങള്‍, സാദ്ധ്യതകള്‍, പോരായ്മകള്‍, ഗുണം, ദോഷം, ലാഭം നഷ്ടം ഉള്‍പ്പെടെ എല്ലാം സത്യസന്ധമായി, വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണ് പ്രധാനം.
ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു വീഡിയോ അല്ലെങ്കില്‍ ന്യൂസ് തയ്യാറാക്കാം. പത്രത്തിലോ, ടി വി, ഇന്‍റര്‍നെറ്റ് മാധ്യമത്തിലോ അതിനെ പോസ്റ്റ് ചെയ്യാം. പരസ്യത്തിലൂടെയോ കമ്പനി സ്പോന്‍സര്‍ഷിപ്പിലൂടെയോ വരുമാനം നേടാം. കളിപ്പാട്ടം മുതല്‍ ബോയിംഗ് വരെയോ വാലെറ്റ് മുതല്‍ വാര്‍ഷിപ്പ് വരെയോ ഈ ഉദ്യമത്തില്‍ ഉല്പന്നം ആകാം. ഒരു ഹോബി പോലെ ചെയ്‌താല്‍ യൂടൂബ് പോലെ വീഡിയോ വെബ് സൈറ്റില്‍ നിങ്ങള്‍ക്ക് ഒരിടം നേടാം.
ഇനി ഈ കുഞ്ഞു പയ്യനെ പരിചയപെടാം. സിംഗപ്പുര്‍ മലയാളിയായ ദര്‍ശന്‍ എന്ന ഉണ്ണികുട്ടന്‍ ആണ് ഈ താരം. വുഡ് ലാന്‍ഡ്‌സ് എവെര്‍ ഗ്രീന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ദര്‍ശന്‍. തന്‍റെ കളികൂട്ടുകാരായ സൂപ്പര്‍ മെഗാഫോഴ്സ് മോഫേഴ്സിനെക്കുറിച്ചാണ് ദര്‍ശന്‍ സ്വയം ഷൂട്ട് ചെയ്ത ഈ വീഡിയോ. ഒരു പക്ഷെ ഈ കാറ്റഗറിയില്‍ പെടുത്താവുന്ന ഒരു മികച്ച ഒന്നാണിത്. മാത്രമല്ല ഏറ്റവും പ്രായം കുറഞ്ഞ ഒരു കുട്ടി ചെയ്യുന്ന പ്രോഡക്റ്റ് അനാലിസിസ് വീഡിയോ. തോഷിബ സിംഗപ്പൂരിലെ ക്വാളിറ്റി മാനേജരായ സന്തോഷ് കുമാറിന്‍റെയും ജോത്സ്നയുടെയും മകനാണ് ആറു വയസ്സുകാരന്‍ ഈ പ്രൈമറി 1 വിദ്യാര്‍ത്ഥി
പ്രോഡക്റ്റ് അനാലിസിസ് വീഡിയോ നിര്‍മ്മിക്കാന്‍ ഒരു മുന്‍ പരിചയവും വേണ്ട എന്നാണ് ഈ മൂന്നു മിനിറ്റ് വീഡിയോ നമ്മോടു പറയുന്നത്. ഉത്പന്നത്തെ കുറിച്ച് നന്നായി അറിയണം. പറയുന്നത് കേള്‍വിക്കാര്‍ക്ക് സത്യമായി തോന്നണം. പിന്നെ എല്ലാം സ്വന്തം കഴിവ് പോലെ പറഞ്ഞു ഫലിപ്പിക്കുക. അത്ര തന്നെ. പിന്നീടു ആരെങ്കിലും ഈ പ്രോഡക്റ്റ് വാങ്ങാന്‍ പോയാല്‍ ഈ പറഞ്ഞത് ഓര്‍ത്ത് അത് വാങ്ങിയാല്‍ നിങ്ങളുടെ ഉദ്യമം വിജയിച്ചു എന്ന് പറയാം.
അമ്മയുടെ മൊബൈലില്‍ ആണ് ദര്‍ശന്‍ ഇത് ഷൂട്ട് ചെയ്തത്. അതിനു മുന്‍പേ ഇത് പോലെയുള്ള വീഡിയോകള്‍ കണ്ടിട്ടുണ്ട്. പിന്നെ ഷൂട്ട് ചെയ്തു അച്ഛനേയും അമ്മേയേയും കാണിച്ചു. അമ്മ അത് യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് കൊച്ചു ദര്‍ശനെ സഹായിച്ചു. മറ്റു കുട്ടികള്‍ പോകാത്ത വേറിട്ട വഴിയിലൂടെയാണ് ദര്‍ശന്‍ തന്‍റെ യാത്ര നടത്തുന്നത്. ഈ മേഖലയില്‍ ഒരു രാജകുമാരനാവാനും ഈ ബാലന് കഴിയും.
ഇനി തയ്യാറായിക്കോളൂ… നിങ്ങള്‍ക്ക് ഇഷ്ടമുള്ളതിനെക്കുറിച്ചും ഒരു റിവ്യു തയ്യാറാക്കാം, വ്യവസായ ലോകത്തെ ഒരു ചെറിയ കണ്ണിയാകാം. പ്രോഡക്റ്റ്സ് നോക്കി ഫ്രീ റിവ്യു ബ്ലോഗ് എഴുതിയ മലയാളി ചെറുപ്പക്കാരെ സോണി കമ്പനി സര്‍വ്വ ചിലവും നല്‍കി ജപ്പാനില്‍ കൊണ്ടുപോയ കഥ കൂടി നമുക്കോര്‍ക്കാം.
ദര്‍ശന്‍റെ വീഡിയോ ഇവിടെ കാണാം.