കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി. ഫോണ്‍ നല്കാന് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഫയല്‍ചെയ്ത ഉപഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാവിലെ പതിനൊന്നിനാണ് ഈ ഹർജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്റെ നിലപാട്. ഈ സാഹചര്യത്തിൽ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കിരുന്നു. തന്റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്.
ദിലീപിന്റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. എന്നാൽ ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ, ഫോൺ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപ് പറയുന്നത്.