ജുവനൈല്‍ ജസ്റ്റിസ് നിയമം കടുപ്പിച്ച് ഇന്ത്യന്‍ പാര്‍ലമെന്‍റ്

0

2012-ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ ശിക്ഷിക്കപ്പെട്ട കുട്ടിക്കുറ്റവാളി പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഏറെ വിവാദമായ ബാലനീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അവതരിപ്പിച്ച ബില്‍ അംഗങ്ങളുടെ നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. നേരത്തെ ഭേദഗതി ബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്‍റ് പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.

നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ നിയമപരമായ ഗുണദോഷങ്ങളേക്കാള്‍ മുഴച്ചുനിന്നത് മന്ത്രിയടക്കമുള്ളവരുടെ വികാരപ്രകടനങ്ങളാണ്. ബില്‍ സഭക്ക് മുമ്പാകെവെച്ച മേനക ഗാന്ധിയും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്റേനും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവാലെയും വികാരപ്രകടനങ്ങള്‍ക്ക് അശേഷം കുറവുവരുത്തിയില്ല. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയായ കൗമാരക്കാരന് കശ്മീര്‍ ഭീകരനെയാണ് ജുവനൈല്‍ ഹോമില്‍ കൂട്ടിന് കിട്ടിയിരുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു.

ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി. കുറ്റവാളിയുടെ പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചത് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. നിയമനിര്‍മാണം വികാരത്തിന്‍റെ അടിസ്ഥാനത്തിലല്ളെന്ന് പറയുന്ന സി.പി.എം പ്രായമല്ല, കുറ്റകൃത്യത്തിന്‍റെ കാഠിന്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് കൈക്കൊണ്ടത്. പതിനഞ്ചര വയസുള്ള ഒരാള്‍ കുറ്റം ചെയ്താല്‍ പ്രായപരിധി 15 ആയി കുറക്കുമോ എന്ന് യെച്ചൂരി ചോദിച്ചു. ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ 14 വയസുള്ള ഒരാള്‍ ചേരുകയാണെങ്കില്‍ സര്‍ക്കാര്‍ എന്ത് ചെയ്യും. കുറ്റവാളിയുടെ പ്രായമല്ല കുറ്റകൃത്യത്തിന്‍റെ സ്വഭാവമാണ് നോക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനസാന്തരത്തിന് പകരം പുതുതായി ഒരു ഭീകരനുണ്ടാകുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടുവന്ന് താന്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നും മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നും മോഷ്ടിച്ചിട്ടുണ്ടെന്നും കുറ്റസമ്മതം നടത്തി ജുവനൈല്‍ ഹോമിലേക്ക് വിട്ടോളൂ എന്ന് പറയുന്ന മാനസികാവസ്ഥ ഇല്ലാതാക്കാന്‍ നിയമഭേദഗതികൊണ്ട് കഴിയുമെന്നും അവര്‍ പറഞ്ഞു.  ഈ വാദത്തെ പിന്തുണച്ച ഗുലാം നബി ആസാദ് ഒരു പടികൂടി കടന്ന് പണമുള്ളവരുടെ മക്കള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ളെന്നും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ് ഇത്തരം കേസുകളില്‍ പ്രതികളാകാറുള്ളതെന്നും അഭിപ്രായപ്പെട്ടത് ജനതാദള്‍-യുവിലെ പല അംഗങ്ങളെയും പ്രകോപിപ്പിച്ചു.

ഇത്തരം കാര്യങ്ങള്‍ക്ക് പോകുന്നവരെ പിടിച്ച് നേരത്തേ വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നാണ് രാംദാസ് അത്താവാലെ ആവശ്യപ്പെട്ടത്.

പുതിയ ഭേദഗതിയനുസരിച്ച് ഗൗരവമേറിയ കുറ്റം ചെയ്യുന്ന 16-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ശിക്ഷ നല്കാം. ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുന്നതിനുപകരം ഇത്തരം കുറ്റവാളികളെ ജയിലിലടയ്ക്കുകയും ചെയ്യാം. എല്ലാത്തിനും മുമ്പ്, ഈ കേസ് കോടതിയിലേക്ക് വിടണോ അല്ലെങ്കില്‍ ഇവിടെത്തന്നെ വിചാരണ ചെയ്താല്‍ മതിയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ്. കുട്ടിത്തംകൊണ്ടാണോ മുതിര്‍ന്നവര്‍ക്ക് തുല്യമായ മാനസികാവസ്ഥ കൊണ്ടാണോതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രാമുള്ള കുട്ടി കുറ്റം ചെയ്തതെന്ന് പരിശോധിക്കപ്പെടണം എന്നാണ് ഭേദഗതി നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. വിദഗ്ധരും മനശ്ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന ബോര്‍ഡ് വേണം ഇതില്‍ തീരുമാനമെടുക്കേണ്ടത് എന്നും പുതിയ നിയമത്തില്‍ പറയുന്നു. നിയമം ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവാദിത്വം കൂടും.

രാജ്യസഭ ബില്‍ ചര്‍ച്ച ചെയ്യുന്നത് നേരില്‍ കാണാന്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തിന്‍റെ ഇര ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കള്‍ സന്ദര്‍ശന ഗാലറിയില്‍ എത്തിയിരുന്നു.

16 വയസുള്ളയാള്‍ ജയിലില്‍ കിടക്കണമെന്നല്ല ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു. കുട്ടിക്കുറ്റവാളികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയില്‍ ആവശ്യപ്പെട്ടു. ജയിലുകളില്‍ അവര്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പെടുത്തണമെന്നും പരിശീലനവും വിദ്യാഭ്യാസവും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയിലെ ചര്‍ച്ചകള്‍ കൂട്ടി വായിച്ചാല്‍ ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍ അമ്പാടെ പരാജയമാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ജുവനൈല്‍ ഹോമുകള്‍ ഭീകരനെ സൃഷ്ടിക്കുന്നുവെന്ന പരാമര്‍ശം തന്നെ ഗവണ്മെന്‍റിന്‍റെ കുറ്റസമ്മതമായി കണക്കാക്കാം.  ജുവനൈല്‍ കുറ്റവാളികളെ പുനരധിവാസിപ്പിക്കുന്നതിനും അവരുടെ പരിവര്‍ത്തനത്തിനും, അടിസ്ഥാന വികസനത്തിനുമുള്ള,  സൗകര്യങ്ങള്‍ ഇപ്പോള്‍ അപര്യാപ്തമാണ്.

ജ്യുവനൈല്‍ ക്രിമിനലുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ തുടച്ചു നീക്കപ്പെടേണ്ടതാണെന്ന ബോധം നിയമനിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാവണമെങ്കില്‍ നമുക്ക് ഇനിയും എത്രയെത്ര 'ജോതി'കളെ ബലിനല്‍കേണ്ടിവരുമെന്ന് വരുംകാലങ്ങളില്‍ കണ്ടറിയാം..