പിറന്നാള്‍ ഡിപ്ലോമസി: സര്‍പ്രൈസ് പാക് സന്ദര്‍ശനവുമായ് മോദി

0

റഷ്യയില്‍ നിന്ന് മടങ്ങും വഴി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കയാത്ര നേരെ ഇന്ത്യയിലേക്കായിരുന്നു. വെള്ളിയാഴ്ച്ച ഇന്ത്യയിലേക്ക് മടങ്ങുന്ന അവസാന നിമിഷമാണ് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ട്വിറ്ററിലൂടെയാണ് മോദി താന്‍ പാകിസ്ഥാനിലേക്കു പോകുന്നുവെന്ന വിവരം അറിയിച്ചത്. രാവിലെ  നവാസ് ശരീഫിനെ ടെലിഫോണില്‍ വിളിച്ച്  മോദി പിറന്നാളാശംസകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ അസാധാരണമായ സന്ദര്‍ശനം
 

കാബൂളില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയ അഫ്ഗാന്‍ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് തുറന്ന് കൊടുക്കുന്ന ചടങ്ങില്‍ പ്രസംഗിക്കവെ തീവ്രവാദത്തിനെതിരെ പേരെടുത്ത് പറയാതെ പാകിസ്താനെ പ്രധാനമന്ത്രി  കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിറകെയാണ് ചരിത്ര പ്രധാനമായ സന്ദര്‍ശനം നടത്തിയത്. ഇന്ത്യ പാക് ഉഭയകക്ഷി ബന്ധങ്ങളില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ലഹോര്‍ വിമാത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരിട്ടെത്തിയാണു മോദിയെ സ്വീകരിച്ചത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഇരുവരും ശരീഫിന്‍റെ ലാഹോറിലെ വസതിയിലേക്ക് പോയി. ഇവിടെ നടന്ന ചര്‍ച്ചക്ക് ശേഷം ശരീഫിന്‍റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത മോദി അവരെ അനുഗ്രഹിച്ചു.

മോദിക്ക് പാകിസ്താനിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ പി.പി.പിയുടെ ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രതികരിച്ചു.  തുടര്‍ച്ചയായ ചര്‍ച്ചകളാണ് പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമാധ്യമങ്ങള്‍ മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി പാകിസ്താനിലെത്തുന്നത്. പാരിസിലെ കാലാവസ്ഥ ഉച്ചകോടിക്കിടെ മോദിയും ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

66ാം പിറന്നാള്‍ ആഘോഷിക്കുന്ന നവാസ് ഷെരീഫിന്റെ വീട്ടിലെത്തിയ മോദി 90 മിനുട്ടുകളോളം അദ്ദേഹവുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കുവാനുമാണ് ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തില്‍ തീരുമാനമായതെന്ന് പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പിന്നീട് ഷെരീഫിന്റെ വീട്ടില്‍ നിന്ന് അത്താഴം കഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്.