'ഇന്റേര്‍ണല്‍ സെക്യൂരിറ്റി ആക്ട് – സിംഗപ്പൂര്‍' പ്രകാരം കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അറസ്റ്റ് ചെയ്ത 27 ബംഗ്ലാദേശി കണ്‍സ്ട്രക്ഷന്‍ ജോലിക്കാരില്‍ ഇരുപത്തിയാറുപേരെ സിംഗപ്പൂരില്‍ നിന്നും തിരികെ അയച്ചു. മിനിസ്ട്രി ഓഫ് ഹോം അഫയേര്‍സ് ആന്‍ഡ് ലോ മിനിസ്റ്റര്‍ കെ ഷണ്മുഖം ആണ് ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
ജിഹാദ് – തീവ്രവാദ ബന്ധത്തെ കാണിക്കുന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ലിറ്റില്‍ ഇന്ത്യയിലെ ഒരു പള്ളിയില്‍ സ്ഥിരമായി കണ്ടുമുട്ടാറുള്ള ഇവര്‍ ജിഹാദ് ആദര്‍ശങ്ങള്‍ പുലര്‍ത്തുന്നവരാണെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഇവരുടെ കൈകളില്‍ നിന്ന് ജിഹാദ് സംബന്ധമായ വീഡിയോകളും, പുസ്തകങ്ങളും, മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ജിഹാദ് ക്ലോസ്ഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്, കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതായും കണ്ടെത്തി.
ഇവരില്‍ പതിനാലുപേര്‍ക്ക് സ്വദേശത്തു ജയില്‍ വാസം അനുഭവിക്കേണ്ടി വരും. നേരിട്ട് തീവ്രവാദ ബന്ധം ഉള്ളതായി തെളിവുകള്‍ ഇല്ലാത്തതിനാല്‍ 12 പേരെ കുടുംബത്തോടൊപ്പം വിട്ടയച്ചു. എങ്കിലും ഇവര്‍ ഇനി മുതല്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. ഇരുപത്തിയേഴില്‍ ഒരാള്‍ സിംഗപ്പൂരില്‍ നിന്നും നിയമപരമായല്ലാതെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ സിംഗപ്പൂര്‍ ജയിലില്‍ 12 ആഴ്ച ശിക്ഷ അനുഭവിക്കേണ്ടി വരും.
സിംഗപ്പൂരിനെ ആക്രമിക്കാന്‍ ഇവര്‍ക്ക് പദ്ധതി ഉണ്ടായിരുന്നില്ലെങ്കിലും ഭാവിയില്‍ അതിനും ശ്രമിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല എന്ന് മിനിസ്റ്റര്‍ പറഞ്ഞു. സിംഗപ്പൂര്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ പോകുകയാണെന്ന് പ്രധാന മന്ത്രിയും അറിയിച്ചു. സംശയിക്കത്തക്ക സാഹചര്യത്തില്‍ ആരെയെങ്കിലും കാണുകയാണെങ്കില്‍ സിംഗപ്പൂര്‍ പോലീസിലോ(999), ഇന്റേര്‍ണല്‍ സെക്യൂരിറ്റി ഡിപ്പാര്ട്ട്മെന്റുമായുമായോ ( 1800 – 2626- 473) ബന്ധപ്പെടാനും MHA അറിയിച്ചിട്ടുണ്ട്.