വിജയ് ചിത്രം ബീസ്റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്തറും. റിലീസാവാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് വിലക്ക്. ചിത്രത്തില്‍ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്താനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടി കുവൈത്ത് സര്‍ക്കാരും ബീസ്റ്റിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നേരത്തെ സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്.
നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
ഏവീരരാഘവന്‍ എന്ന സ്പൈ ഏജന്റായാണ് ബീസ്റ്റില്‍ വിജയ് എത്തുന്നത്. ആദ്യ ട്രെയ്ലറിനും വന്‍ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ കാത്തിരിക്കുന്ന ആകാംക്ഷ വര്‍ധിപ്പിക്കുന്ന ട്രെയ്ലറാണ് പുറത്തുവന്നത്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നത്.