തെരുവുനായ്ക്കള്‍ നമ്മുടെ നാട്ടില്‍ ഭീഷണിയാകുമ്പോള്‍ തെരുവ്നായ്ക്കള്‍ക്ക് അഭയം ഒരുക്കുകയാണ് കോസ്റ്റ റിക്കയിലെ 'തെരുവുനായകളുടെ സ്വര്‍ഗം' ( Territorio de Zaguates ) എന്ന പേരില്‍ അറിയപ്പെടുന്ന മനോഹരമായ ഈ മലമ്പ്രദേശം.
വടക്കന്‍ കോസ്റ്റ റിക്കയിലെ അലാജുവെല പ്രവിശ്യയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മനോഹരമായ മലമുകളില്‍ നൂറുകണക്കിന് നായ്ക്കളാണ് ഇവിടെ സ്വര്യവിഹാരം നടത്തുന്നത് . നായകളെ സ്നേഹിക്കുന്ന ഒരു കൂട്ടം സന്നധപ്രവര്‍ത്തകരാണ് തെരുവുനായകള്‍ക്ക് ഇങ്ങനെയൊരു സംരക്ഷണകേന്ദ്രം ഒരുക്കിയത്. തെരുവുനായ്കള്‍ക്ക് ഒരു അഭയകേന്ദ്രം എന്നതിലുപരി അവര്‍ക്ക് ഭക്ഷണത്തിനും പരിചരണത്തിനും പ്രജനനത്തിനുമെല്ലാം ഇവിടെ സൗകര്യം ഉണ്ട് . ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ പക്ഷെ സഞ്ചാരികള്‍ക്ക് യാതൊരുവിധ ശല്യവും ഈ മിണ്ടാപ്രാണികള്‍ ഉണ്ടാക്കാറില്ല . ചിലര്‍ മടക്കയാത്രയില്‍ ഇഷ്ടപെട്ട നായ്ക്കളെ ദത്തെടുക്കുകയും ചെയ്യാറുണ്ട് . തെരുവുനായകളുടെ പുനരധിവാസത്തെ പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ കോസ്റ്റ റിക്കയിലെ ഈ 'സ്വര്‍ഗം' നല്ലൊരു മാതൃകയാണ്.