ശുദ്ധ വായു വില്‍പ്പന ഇന്ത്യയിലും

0

അന്തരീക്ഷ മലിനീകരണം മൂലം ശുദ്ധ വായു വില കൊടുത്ത്  വാങ്ങേണ്ട അവസ്ഥയിലേക്ക് ഇന്ത്യയുമെത്തുന്നു എന്ന് കേട്ടാല്‍ നെറ്റി ചുളിക്കേണ്ട ; കാരണം  ശുദ്ധ വായു വില്‍പ്പന ഇന്ത്യയിലും എത്തിയിരിക്കുന്നു. 

കനേഡിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് വൈറ്റലിറ്റി എയര്‍ എന്ന പേരില്‍ ഇന്ത്യയില്‍ ശുദ്ധവായു വില്‍ക്കാന്‍ ഒരുങ്ങുന്നത് . വിദേശ രാജ്യങ്ങളില്‍ പലയിടത്തും ശുദ്ധവായു വിലകൊടുത്തു വാങ്ങുന്ന അവസ്ഥ ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമായാണ് . ഒരു തവണ ശുദ്ധവായു ശ്വസിക്കുന്നതിന് 12.50 രൂപയാണ് വൈറ്റലിറ്റി എയര്‍ ഈടാക്കുക. അപ്പോള്‍ നമ്മള്‍ ശ്വസിക്കുന്ന വായുവിന് ലിറ്ററിന് എന്തു വില നല്‍കേണ്ടി വരും എന്ന് കണക്ക് കൂട്ടി നോക്കുക.

ചൈനയുടെ തലസ്ഥാനമായ ബെയിജിങ്ങില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ വൈറ്റലിറ്റി എയര്‍ ശുദ്ധവായു കഴിഞ്ഞ വര്‍ഷം ചൈനയില്‍ വില്‍പനയ്ക്ക് എത്തിച്ചിരുന്നു. ഇത് വന്‍ വിജയം ആയതിനെ തുടര്‍ന്നാണ് ഇന്ത്യയിലും വില്‍പന തുടങ്ങാന്‍ കമ്പനി തീരുമാനിച്ചത്. ഇപ്പോള്‍ ബീജിങ്, ഷാങ്ഹായ് ഉള്‍പ്പടെ ചൈനയിലെ ഏഴു നഗരങ്ങളില്‍ വൈറ്റലിറ്റി എയര്‍ ശുദ്ധവായു ലഭ്യമാണ്. ഓണ്‍ലൈന്‍ മുഖേനയാണ് വൈറ്റലിറ്റി എയര്‍ ശുദ്ധവായു വില്‍ക്കുന്നത്. ഇപ്പോള്‍ പ്രതിദിനം 12000 ബോട്ടില്‍ ശുദ്ധവായുവാണ് ചൈനയില്‍ വില്‍ക്കുന്നത്. മൂന്നു ലിറ്റര്‍, എട്ടു ലിറ്റര്‍ കാനുകളിലായും ശുദ്ധവായു ലഭ്യമാണ്. ഇതിന് 1450 രൂപ മുതല്‍ 2800 രൂപ വരെയാണ് വില.

വായുമലിനീകരണം മൂലം 12.6 മില്യൺ ആളുകളാണ് ലോകത്ത് പ്രതിവർഷം മരിക്കുന്നത് എന്നാണു കണക്ക്.ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തു അന്തരീക്ഷ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡല്‍ഹിയില്‍ ആണ് ശുദ്ധവായു വില്പന ഇന്ത്യയില്‍ ആദ്യം ആരംഭിക്കുക . വരും നാളുകളില്‍ ഇത് ഏതൊക്കെ നഗരങ്ങളില്‍ വ്യാപിക്കും എന്ന് കാത്തിരുന്നു കാണേണ്ടി വരും . ഭക്ഷണമോ വെള്ളമോ ലഭികാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന പോലെ  ശുദ്ധവായുവിനായി അലയേണ്ട സ്ഥിതി വരാതെയിരിക്കട്ടെ .