തോലാട്ട് സരോജിനിക്ക്‌ സിംഗപ്പൂരിന്റെ സ്നേഹസമ്മാനം

0

സിംഗപ്പൂരില്‍  ഈയിടെ സമാപിച്ച ഏഷ്യന്‍  മാസ്റ്റര്‍സ് അത് ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കാനായി, കടുത്ത ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും, എത്തിച്ചേര്‍ന്ന മലയാളി കായികതാരം തോലാട്ട് സരോജിനിക്ക് സിംഗപ്പൂരിലെ സ്പോര്‍ട്സ് പ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനം.  മൈസുരുവില്‍ സമാപിച്ച  നേഷനല്‍  മാസ്റ്റര്‍സ്  അത് ലറ്റിക്സ്  മീറ്റില്‍,  മിന്നുന്ന വിജയം നേടിയിയതിനു ശേഷമാണ് അവര്‍ ഏഷ്യന്‍ മീറ്റിന് എത്തിയത്. വളരെ കഷ്ടതകള്‍ നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങള്‍ പ്രവാസി  എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു.

പത്രവാര്‍ത്തയിലൂടെയും മറ്റുമായി സരോജിനിയുടെ വിവരങ്ങള്‍ മനസ്സിലാക്കിയ സിംഗപ്പൂരിലെ സഹൃദയരായ മലയാളികള്‍, നിറഞ്ഞ മനസ്സോടെയാണ് അവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്.  മീറ്റ്‌  അവസാനിച്ച ദിവസം വൈകുന്നേരം  നടന്ന ലളിതമായൊരു ചടങ്ങില്‍, സമാഹരിച്ച തുക അവരെ  ഏല്‍പ്പിക്കുകയുണ്ടായി. പ്രവാസി എക്സ്പ്രസ്, സിംഗപ്പൂര്‍ കൈരളീ കലാനിലയം, കല സിംഗപ്പൂര്‍, ശകുന്തള റെസ്റ്റോറന്റ്, സെന്കാംഗ് ക്രിക്കറ്റ് ക്ലബ്, റോയല്‍ ടസ്കെഴ്സ്  ക്രിക്കറ്റ് ക്ലബ്,   SG50 കാര്‍ണ്ണിവല്‍ തിരുവാതിര ടീം  എന്നിവരോടൊപ്പം മറ്റു പലരും സഹായ  ഹസ്തങ്ങളുമായി മുന്നോട്ട് വന്നു.